ന്യൂദല്‍ഹി: ജാമിഅ സര്‍വകലാശാലയില്‍ പൗരത്വഭേദഗതി വിരുദ്ധ സമരക്കാര്‍ക്ക് നേരെ വെടിവെച്ച യുവാവ് മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ അറസ്റ്റില്‍. പട്ടൗഡിയിലെ മഹാപഞ്ചായത്തില്‍ വെച്ചായിരുന്നു പ്രസംഗം. മുസ്‌ലിങ്ങളെ ആക്രമിക്കണമെന്നും മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകണമെന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അറസ്റ്റ്.
സി.എ.എ. സമരക്കാര്‍ക്കെതിരായ വെടിവെയ്പ്പിന് ശേഷം ‘ഗോഡ്‌സെ രണ്ടാമന്‍’ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. മതപരിവര്‍ത്തനം, ലൗ ജിഹാദ്, ജനസംഖ്യാ നിയന്ത്രണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയത്. വിശ്വഹിന്ദു പരിക്ഷത്ത്, ബജ്‌റംഗ് ദള്‍, ഗ്രാമമുഖ്യന്മാര്‍, വിവിധ ഗോരക്ഷാ സംഘങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി നടന്നത്.
ഇതേ ചടങ്ങില്‍ വെച്ചുതന്നെ ബി.ജെ.പി. ഹരിയാന സംസ്ഥാന ഘടകം വക്താവും കര്‍ണി സേനാ തലവനുമായ സുരാജ് പാല്‍ അമുവും മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. നൂറോളം പൊലീസുകാരെ സാക്ഷിനിര്‍ത്തിയായിരുന്നു ഇത്. മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ജാമിഅ വരെ പോയിട്ടുണ്ടെങ്കില്‍ പട്ടൗഡി അത്ര അകലെയല്ലെന്നും മുസ്‌ലിംങ്ങളെ ആക്രമിച്ച് റാം റാം എന്ന് വിളിപ്പിക്കണമെന്നുമെല്ലാമായിരുന്നു പ്രസംഗത്തില്‍ യുവാവ് പറഞ്ഞത്.