|

ജാമിയ മില്ലിയ പ്രവേശന പരീക്ഷ കേന്ദ്രം, ദക്ഷിണേന്ത്യ പുറത്ത്; തിരുവനന്തപുരം ഒഴിവാക്കിയതിൽ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹിയിലെ ജാമിയ സർവകലാശാലയിലെ പ്രവേശന പരീക്ഷയ്ക്കുള്ള കേന്ദ്രങ്ങളിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പകരം, യൂണിവേഴ്സിറ്റി വടക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും രണ്ട് പരീക്ഷാ കേന്ദ്രങ്ങൾ കൂടി ചേർത്തു.

കഴിഞ്ഞ വർഷം ദൽഹി , ലഖ്‌നൗ, ഗുവാഹത്തി, പട്‌ന, കൊൽക്കത്ത, ശ്രീനഗർ, തിരുവനന്തപുരം എന്നിവയായിരുന്നു പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ. ഈ വർഷം ദൽഹി , ലഖ്‌നൗ, ഗുവാഹത്തി, പട്‌ന, കൊൽക്കത്ത, ശ്രീനഗർ, മാലേഗാവ്, ഭോപ്പാൽ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഭോപ്പാലിലും മാലേഗാവിലും ആദ്യമായാണ് പരീക്ഷ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

പരീക്ഷ കേന്ദ്രം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ശശി തരൂർ, ഹാരീസ് ബീരാൻ എന്നിവർ രംഗത്തെത്തി. കേരളത്തിലെ പരീക്ഷ കേന്ദ്രം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയ വി.സിക്ക് ഹാരീസ് ബീരാൻ എം.പി കത്ത് അയച്ചു.

കേരളത്തിൽ തിരുവനന്തപുരത്തോ കോഴിക്കോട്ടോ വർഷങ്ങളായി ജാമിയ പരീക്ഷ കേന്ദ്രമായി അനുവദിക്കാറുണ്ടെന്നും ഇത് ഒഴിവാക്കപ്പെടുന്നതോടെ ജാമിയയിലെ വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാൻ കാത്തിരിക്കുന്ന 2000ലധികം വിദ്യാർഥികളാണ് ദുരിതത്തിലാവുകയെന്നും ഹാരിസ് ബീരാൻ കത്തിൽ ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ വിദൂര കേന്ദ്രങ്ങളിലേക്കുള്ള യാത്ര, താമസം, ഭക്ഷണം എന്നിവക്കായി വലിയ സാമ്പത്തിക ബാധ്യതയും സമയനഷ്ടവും വിദ്യാർഥികൾക്കുണ്ടാകും. അതിനാൽ കേരളത്തിൽ പരീക്ഷാകേന്ദ്രം പുനഃസ്ഥാപിക്കണമെന്നും ഇതിനകം അപേക്ഷകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് അതനുസരിച്ച് പരീക്ഷാ കേന്ദ്രം മാറ്റാൻ അനുവദിക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.

ദ​ക്ഷി​ണേ​ന്ത്യ​ൻ വിദ്യാർത്ഥികളെ ആ​വ​ശ്യ​മി​​ല്ലെ​ന്ന് ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചോ എ​ന്ന് ശ​ശി ത​രൂ​ർ എ​ക്സിൽ കുറിച്ചു.​ ‘ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റി (ജെ.എം.ഐ) തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ദക്ഷിണേന്ത്യയിലെ ഒരേയൊരു കേന്ദ്രമായിരുന്നു അത്. മാത്രമല്ല, നഗരത്തിൽ കുറഞ്ഞത് 550 വിദ്യാർത്ഥികളെങ്കിലും പരീക്ഷ എഴുതി. വിശദീകരിക്കാനാവാത്ത ഒരു തീരുമാനം. ദ​ക്ഷി​ണേ​ന്ത്യ​ൻ വിദ്യാർത്ഥികളെ ആ​വ​ശ്യ​മി​​ല്ലെ​ന്ന് ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചോ,’ ശശി തരൂർ ചോദിച്ചു.

കേരളത്തിലെ സെ​ന്റ​ർ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി പാ​ർ​ല​മെ​ന്റി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് പി. ​സ​ന്തോ​ഷ് കു​മാ​ർ എം.​പി വ്യ​ക്ത​മാ​ക്കി.

പരീക്ഷാ കേന്ദ്രങ്ങൾ തീരുമാനിക്കാൻ സർവകലാശാലയിൽ ഒരു പ്രോസ്പെക്ടസ് കമ്മിറ്റിയുണ്ടെന്നാണ് ജെ.എം.ഐ ചീഫ് മീഡിയ കോർഡിനേറ്റർ പ്രൊഫസർ ക്വാമ്രുൾ ഹസൻ പറയുന്നത്. ‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കുന്നതിലെ കാര്യങ്ങൾ പ്രോസ്പെക്ടസ് കമ്മിറ്റി പരിശോധിച്ച് പിന്നീട് തീരുമാനമെടുക്കും,’ അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയിൽ മറ്റ് കേന്ദ്രങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ, വിശദാംശങ്ങൾ പരിശോധിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

Content Highlight: Jamia scraps only exam centre in south India, adds two in north, central India