ഡോക്യുമെന്ററി പ്രദര്‍ശനം ജാമിയയില്‍ നടക്കില്ല; ഇതുവരെയുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തടഞ്ഞു: വൈസ് ചാന്‍സലര്‍
India
ഡോക്യുമെന്ററി പ്രദര്‍ശനം ജാമിയയില്‍ നടക്കില്ല; ഇതുവരെയുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തടഞ്ഞു: വൈസ് ചാന്‍സലര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2023, 6:02 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ ചില വിദ്യാര്‍ഥികള്‍ നടത്തിയ ശ്രമം സര്‍വകലാശാല പൂര്‍ണമായും പരാജയപ്പെടുത്തിയെന്ന് ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍.

ജാമിയ മിലിയയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും തങ്ങള്‍ സ്വീകരിച്ച മുന്‍കരുതലിന്റെ ഫലമായിട്ട് പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞില്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെക്കുറിച്ച് പോസ്റ്റര്‍ പ്രചരിപ്പിച്ചിച്ചതായി സര്‍വകലാശാലക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന തരത്തില്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയെന്നും ചാന്‍സലര്‍ പറഞ്ഞു.

‘യൂണിവേഴ്സിറ്റി കാമ്പസില്‍ ബി.ബി.സി ഡോക്യുമെന്ററി ഫിലിം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് എസ്എഫ്ഐ പോസ്റ്റര്‍ പ്രചരിപ്പിച്ചതായി യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന് അറിവ് ലഭിച്ചു. ഇതിനെതിരെ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ നേരത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

അധികാരികളുടെ അനുമതിയില്ലാതെ കാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ മീറ്റിങ്, ഒത്തുചേരല്‍, ഡോക്യുമെന്ററി പദര്‍ശനം തുടങ്ങിയവ അനുവദിക്കില്ലെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു, സര്‍വകലാശാലക്കെതിരെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കും,’ ചാന്‍സലര്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്ന് ഡോക്യുമെന്റി പ്രദര്‍ശിപ്പിക്കാനായി സര്‍വകലാശാലയില്‍ പ്രവേശിച്ചുവെങ്കിലും പൊലീസ് എത്തി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വൈകുന്നേരം ആറ് മണിക്കാണ് വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്മാറാത്തതിന് പിന്നാലെ സര്‍വകലാശാല അധികൃതര്‍ തന്നെ വിദ്യാര്‍ത്ഥികളെ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

തങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ പോലും തടയിടാനാണ് ദല്‍ഹി പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സര്‍വകലാശാലയും അതിന് കൂട്ടുനില്‍ക്കുകയാണെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസ്താവന.

content highlight: jamia Millia Vice-Chancellor Najma Akhtar said that the university completely failed the attempt made by some students to organize the screening of BBC documentary