ന്യൂദല്‍ഹി: ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അക്രമത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് (എന്‍.എച്ച്.ആര്‍.സി) പരാതി നല്‍കി വിദ്യാര്‍ത്ഥികളും അധ്യാപകരും.
ജാമിഅ മില്ലിയയിലെ മൂന്നു വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ കപൂര്‍, ഖ്വാസിം ഉസ്മാനി, അഖ്വിബ് റിസ്വാന്‍ എന്നീ വിദ്യാര്‍ത്ഥികളും ജാമിഅ മില്ലിയയിലെ അധ്യാപക സംഘടനയുടെ സെക്രട്ടറി പ്രൊഫ. മജീദ് ജാമിലുമാണ് പൊലീസിന്റെ ആക്രമണങ്ങള്‍ ചൂണ്ടിക്കാണിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് തിങ്കളാഴ്ച പരാതി നല്‍കിയത്.
പരാതിയില്‍ പറയുന്ന പ്രകാരം പൗരത്വ ഭേദഗതി നിമയത്തിനെതിരെ ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 15ന് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ദല്‍ഹി പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
പൊലീസ് അക്രമത്തില്‍ നിരവധി വിദ്യര്‍ത്ഥികള്‍ക്ക് പരിക്കു പറ്റുകയും ഒരു വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ചികിത്സയോ നിയമ സംരക്ഷണമോ ഇല്ലാതെ പലരും തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും പരാതിയില്‍ വിശദീകരിക്കുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൊലീസ് വിദ്യര്‍ത്ഥികള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങളെ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ താത്പര്യമെടുക്കാതിരുന്ന സുപ്രീംകോടതി പരാതിക്കാരോട് അവരവരുടെ കീഴില്‍ വരുന്ന ഹൈക്കോടതികളെ സമീപിക്കാനാണ് ആവശ്യപ്പെട്ടതെന്നും പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ അതിന് ശേഷം ദല്‍ഹി ഹൈക്കോടതി അതേ പരാതിയിന്മേല്‍ നോട്ടീസ് പ്രസിദ്ധീകരിക്കുകയും അത് 2020 ഫെബ്രുവരി 4ന് പരിഗണിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ചേഞ്ച്.ഓര്‍ഗ് എന്ന ക്യാംപെയ്ന്‍ ചെയ്യുന്ന വെബ്‌സൈറ്റുമായി ചേര്‍ന്ന് ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള 1.18 ലക്ഷം ആള്‍ക്കാരുടെ ഒപ്പ് വാങ്ങിയാണ് ജാമിഅയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും തിങ്കളാഴ്ച മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
രാജ്യം ആകെ താറുമാറായി കിടക്കുകയാണെന്നും പൗരത്വ നിയമഭേദഗതി നിയമം പാസാക്കിയതുമുതല്‍ നിരവധി ക്യാംപയിനുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ചേഞ്ച് ഇന്ത്യ ഓര്‍ഗിന്റെ ഡയറക്ടര്‍ നിദാ ഹാസന്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജാമിഅ മില്ലിയ സര്‍വകലാശാലയുടെ അനുമതിയില്ലാതെയാണ് പൊലീസ് ക്യാംപസിനകത്ത് കയറിയതെന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവര്‍ത്തനങ്ങളില്‍ ഉടന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിടണമെന്നും പരാതിയില്‍ പറയുന്നുണ്ട്.
വിദ്യാര്‍ത്ഥികളും അധ്യാപകരും എന്‍.എച്ച്.ആര്‍.സിയുടെ രജിസ്ട്രാര്‍ സുര്‍ജിത് ദേയെ കണ്ടിരുന്നു. നല്‍കിയ പരാതിയില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.