ന്യൂദല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയില്‍ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചുമെന്ന് സര്‍വ്വകലാശാലാ അധികൃതര്‍. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമായിരുന്നു നടത്തിയതെന്ന് എന്ന വാദമാണ് പൊലീസ് ഉന്നയിക്കുന്നത്. എന്നാല്‍, ക്യാമ്പസിനുള്ളില്‍ പൊലീസ് അനുവാദമില്ലാതെ പ്രവേശിക്കരുതെന്നാണ് സര്‍വ്വകലാശാലയുടെ നിയമം.
‘അനുമതിയില്ലാതെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ക്യാമ്പസില്‍ പ്രവേശിച്ചത്. അവര്‍ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു’, ജാമിയ മില്ലിയ പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തവെയായിരുന്നു പൊലീസ് യൂണിവേഴ്‌സിറ്റിക്കുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പൊലീസ് ക്യാമ്പസിന്റെ പ്രധാന കവാടം അടയ്ക്കുക്കുകയായിരുന്നു. പുറത്തുനിന്നുള്ളവര്‍ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നത് തടയാനാണിതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
സര്‍വ്വകലാശാലയ്ക്കുള്ളില്‍ പ്രവേശിച്ച പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ക്യാമ്പസിനുള്ളില്‍നിന്നും നൂറിലധികം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വൈകീട്ട് നാലുമണിയോടെയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും ദല്‍ഹിയിലേക്ക് ‘ദല്‍ഹി പീസ് മാര്‍ച്ച്’ നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് എത്തുകയായിരുന്നു.