| Thursday, 24th October 2024, 8:40 am

ദീപാവലി ആഘോഷത്തിനിടെ ജാമിയ മില്ലിയയിലുണ്ടായ സംഘര്‍ഷം; പുറത്തുനിന്നെത്തിയവര്‍ സ്‌പോണ്‍സര്‍ ചെയ്തതെന്ന് വി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദീപാവലി ആഘോഷത്തിനിടെ ക്യാമ്പസിലുണ്ടായ സംഘര്‍ഷം സ്‌പോണ്‍സര്‍ ചെയ്തതെന്ന് ദല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ വൈസ് ചാന്‍സലര്‍. ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന്റെ ഭാഗമായാണ് സംഘര്‍ഷമുണ്ടായതെന്ന് വി.സി മുഹമ്മദ് ഷക്കീല്‍ പറഞ്ഞു.

പ്രശ്നമുണ്ടാക്കിയവരെ തിരിച്ചറിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും വി.സി അറിയിച്ചു. സംഭവത്തില്‍ ജാമിയ നഗര്‍ പൊലീസില്‍ സര്‍വകലാശാല പരാതി നല്‍കിയിട്ടുണ്ട്.

സംഘര്‍ഷത്തില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

ക്യാമ്പസില്‍ നടന്നത് ആരാജകത്വത്തെ പ്രേരിപ്പിക്കുന്ന സംഘടിത നീക്കമാണെന്നും പരാതിയില്‍ പറയുന്നു. സംഘര്‍ഷത്തിനിടെ ഇരുവിഭാഗവും വര്‍ഗീയവും വ്രണപ്പെടുത്തുന്നതുമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ രംഗോലി ഇവര്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

ദീപാവലി ആഘോഷിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിന് പുറത്ത് വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടിയിരുന്നു. ഇതിന് പിന്നാലെ രണ്ട് സംഘം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഘര്‍ഷമുണ്ടായത്.

പിന്നീട് സ്ഥലത്തെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ക്യാമ്പസിന് പുറത്ത് പ്രതിഷേധം നടത്തിയവര്‍ വിദ്യാര്‍ത്ഥികള്‍ അല്ലെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജാമിയ മില്ലിയ സര്‍വകലാശാലയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പൊലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും ക്യാമ്പസില്‍ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയില്‍ സമാനമായ ഒരു സംഘര്‍ഷം ക്യാമ്പസിലുണ്ടായിരുന്നു. ഹോസ്റ്റല്‍ മുറി ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വാക്കുതര്‍ക്കം രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: Jamia millia blames ‘outsiders’ for campus scuffle

We use cookies to give you the best possible experience. Learn more