| Monday, 3rd February 2020, 12:49 pm

ജാമിഅ മില്ലിയ വെടിവെപ്പ്: വിദ്യാര്‍ത്ഥികളെ കുറ്റക്കാരാക്കി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച റിപ്പബ്ലിക് ടിവിയെ ബഹിഷ്‌കരിച്ച് സര്‍വകലാശാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപ്പബ്ലിക് ടിവിയെ ബഹിഷ്‌കരിച്ച് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ഗവേഷണ വിഭാഗം. ഈ വര്‍ഷത്തെ ക്യാമ്പസ് പ്ലേസ്‌മെന്റിലേക്ക് റിപ്പബ്ലിക് ടിവിയെ ഉള്‍പ്പെടുത്തുകയില്ലെന്നാണ് മാസ് കമ്മ്യൂണിക്കേണഷന്‍ വിഭാഗം ഏകകണ്ഠമായി
തീരുമാനിച്ചത്. ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ വെടിവെപ്പ് നടത്തിയത് തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് വെടിവെപ്പ് നടന്നത്. പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. ഇയാള്‍ പൊലീസ് പിടിയിലായി. രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്ത ഷാദത്ത് ഫാറൂഖ് വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു.

എന്നാല്‍ വെടിവെച്ചയാള്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാരിലൊരാളാണെന്നായിരുന്നു റിപ്പബ്ലിക് ടിവി പറഞ്ഞത്. ‘പ്രതിഷേധം അക്രമാസക്തമാകുന്നു’ ‘ഈ അതിക്രമങ്ങള്‍ അവസാനിപ്പിച്ചേ തീരു’ എന്നിങ്ങനെയായിരുന്നു റിപ്പബ്ലിക് ടിവി അവതാരകര്‍ പറഞ്ഞത്.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധക്കാര്‍ പ്രകോപനപരമായി പെരുമാറിയതിനെ തുടര്‍ന്നാണ് വെടിവെപ്പ് നടന്നത് എന്ന രീതിയിലേക്ക് അവതരണം മാറ്റിയിരുന്നു. കൂടാതെ #stopprovokingIndia എന്ന ഹാഷ്ടാഗും ചാനല്‍ വാര്‍ത്തകള്‍ക്കൊപ്പം ട്വിറ്ററില്‍ ഉപയോഗിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടന്നിട്ടും അവരെ തന്നെ കുറ്റക്കാരായി ചിത്രീകരിച്ചുകൊണ്ടുള്ള റിപ്പബ്ലിക് ടിവിയുടെ വാര്‍ത്തക്കെതിരെ വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. #BanRepublicTV എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ സജീവമായിരുന്നു.

ട്വിറ്ററില്‍ മാത്രമായി പ്രതിഷേധം ഒതുക്കി നിര്‍ത്താനാകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചതോടെയാണ് പ്ലേസ്‌മെന്റില്‍ നിന്നും റിപ്പബ്ലിക് ടിവിയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കെങ്കിലും റിപ്പബ്ലിക് ടിവിയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഈ തീരുമാനവുമായി മുന്നോട്ട് പോകില്ലായിരുന്നു. പക്ഷെ എല്ലാവരും ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തോട് യോജിച്ചു. കലുഷിതമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പല മാധ്യമസ്ഥാപനങ്ങളും ജാമിഅയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന സമയത്ത് ഒരു ചാനലിനെ ബഹിഷ്‌കരിക്കുക എന്നത് വലിയ തീരുമാനമാണ്. പക്ഷെ വ്യാഴാഴ്ച വെടിവെപ്പ് നടത്തിയത് ജാമിഅയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയാണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ആ വാര്‍ത്തക്ക് വലിയ പ്രചാരം ലഭിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചേ മതിയാകൂ.’ പ്ലേസ്‌മെന്റ് കോഡിനേറ്ററായ ഹര്‍ഷിത ആനന്ദ് ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ ഞായറാഴ്ച വീണ്ടും വെടിവെപ്പ് നടന്നിരുന്നു. സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് വെടിവെപ്പുണ്ടായത്. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ടു പേരാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ആളപായമില്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more