| Friday, 2nd August 2024, 12:35 pm

ഈ വർഷത്തെ ബാലൺ ഡി ഓർ അവാർഡ് അവൻ നേടും; ഹാമിഷ് റോഡ്രിഗസ്

സ്പോര്‍ട്സ് ഡെസ്‌ക്

2024ലെ ബാലണ്‍ ഡി ഓര്‍ ജേതാവ് ആരായിരിക്കുമെന്നുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്നുനില്‍ക്കുന്നത്. നിലവിൽ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടാന്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ യുവതാരം വിനീഷ്യസ് ജൂനിയറിന്റെയും ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഫാമിന്റെയും അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലൗട്ടാരോ മാര്‍ട്ടിനസിന്റെയും പേരുകളാണ്.

ഇപ്പോഴിതാ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ആര് നേടുമെന്ന് പറഞ്ഞിരിക്കുകയാണ് കൊളംബിയന്‍ ക്യാപ്റ്റന്‍ ഹാമിഷ് റോഡ്രിഗസ്.

റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് സൂപ്പര്‍താരം ഡാനി കാര്‍വജാലിനെയാണ് ഹാമിഷ് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ ജേതാവായി തെരഞ്ഞെടുത്തത്.

‘ടൈറ്റിലുകള്‍ നോക്കുകയാണെങ്കില്‍ കാര്‍വജാല്‍ ആണ്. അദ്ദേഹം നന്നായി കളിച്ചു,’ ഹാമിഷിനെ ഉദ്ധരിച്ച് മുണ്ടോ ഡിപ്പോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്തു.

റയല്‍ മാഡ്രിനായി ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടം നേട്ടത്തില്‍ കാര്‍വജാല്‍ നിർണായകമായ പങ്കുവഹിച്ചിരുന്നു ലോസ് ബ്ലാങ്കോസിനൊപ്പം ഈ സീസണിൽ ആറ് വീതം ഗോളുകളും അസിസ്റ്റുകളുമാണ് താരം നേടിയത്. ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനായി ആദ്യ ഗോള്‍ നേടിയത് കാര്‍വജാല്‍ ആയിരുന്നു.

സ്‌പെയ്ന്‍ ദേശീയ ടീമിന് വേണ്ടിയും താരം മിന്നും പ്രകടനമാണ് നടത്തിയത്. അടുത്തിടെ അവസാനിച്ച യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമിനുവേണ്ടി പ്രതിരോധനിരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാര്‍വാജല്‍ നടത്തിയത്.

യൂറോകപ്പിന്റെ കലാശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയായിരുന്നു സ്‌പെയ്ന്‍ കിരീടം നേടിയത്. അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ ആയിരുന്നു താരം യൂറോയില്‍ നേടിയത്.

ഈ കിരീടനേട്ടങ്ങള്‍ക്കെല്ലാം പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും കാര്‍വാജല്‍ സ്വന്തമാക്കിയിരുന്നു. ഒരേ വര്‍ഷത്തില്‍ തന്നെ യൂറോകപ്പിന്റെയും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെയും ഫൈനലിന്റെ ആദ്യ ഇലവനില്‍ കളിക്കുകയും കിരീടം നേടുകയും ചെയ്യുന്ന മൂന്നാമത്തെ  താരമായി മാറാണെന്ന് ഡാനിക്ക് സാധിച്ചത്.

ഇതിനുമുമ്പ് ഇത്തരത്തിലുള്ള നേട്ടം സ്വന്തമാക്കിയിരുന്നത് പോര്‍ച്ചുഗീസ് സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പെപ്പേയും ആണ്. 2016ല്‍ ആയിരുന്നു ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്.

Content Highlight: James Rodriguez Talks Dani Carvajal Will Won Ballon d’or Award 2024

We use cookies to give you the best possible experience. Learn more