| Friday, 13th September 2024, 2:10 pm

മെസി എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഞാന്‍ ആ സമയത്ത് ചിന്തിച്ചു: ഹാമിഷ് റോഡ്രിഗസ്

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയായിരുന്നു കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു അര്‍ജന്റീന കിരീടം ചൂടിയത്.

ഫൈനലില്‍ മത്സരത്തില്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണൽ മെസിക്ക് പരിക്കു പറ്റിയിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു. മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ കരഞ്ഞുകൊണ്ടാണ് മെസി ഡഗ് ഔട്ടിലേക്ക് മടങ്ങിയത്.

ഇപ്പോള്‍ ഫൈനലിൽ മെസി വികാരഭരിതനായതിനെക്കുറിച്ച് സംസാരിക്കുകയാണ് കൊളംബിയന്‍ സൂപ്പര്‍താരം ഹാമിഷ് റോഡ്രിഗസ്. ടി.വൈ.സി സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു ഹാമിഷ്.

‘കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ഫൈനലിന് മുമ്പ് എന്റെ സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞു. അര്‍ജന്റീന ടീമിനൊപ്പം ഇനി കിരീടങ്ങള്‍ നേടുന്നതില്‍ മെസി ശ്രദ്ധ കൊടുക്കുന്നില്ല. ഫൈനലില്‍ അദ്ദേഹം സാധാരണ പോലെ വലിയ ശ്രമങ്ങള്‍ നടത്താതെ മെസി കളിക്കുമെന്ന് ഞാന്‍ കരുതി.

എന്നാല്‍ മത്സരത്തില്‍ അദ്ദേഹം പരിക്ക് പറ്റി പുറത്തുപോയപ്പോള്‍ ഫുട്‌ബോളില്‍ എല്ലാം നേടിയ ഒരു കളിക്കാരന് എങ്ങനെ ഇങ്ങനെ കരയാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നി. തന്റെ ടീമിനെ സഹായിക്കാനും സ്വന്തം രാജ്യത്തെ ബഹുമാനിക്കാനും അദ്ദേഹം വളരെയധികം ആഗ്രഹിക്കുന്നുണ്ട് എന്നെനിക്ക് മനസിലായി. അദ്ദേഹം ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമാണ്,’ ഹാമിഷ് റോഡ്രിഗസ് പറഞ്ഞു.

പരിക്കിനെ തുടര്‍ന്ന് 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടാനും മെസിക്ക് സാധിച്ചില്ല. മെസിയുടെ അഭാവത്തില്‍ ഇന്റര്‍ മയാമി ലീഗ്സ് കപ്പില്‍ നിന്നും പുറത്തായിരുന്നു. ഇന്റര്‍ മയാമിയുടെ വരാനിരിക്കുന്ന മത്സരങ്ങളില്‍ മെസി കളത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.

അതേസമയം കോപ്പ അമേരിക്കയില്‍ കൊളംബിയയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ ഹാമിഷ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഒരു ഗോളും ആറ് അസിസ്റ്റുകളുമാണ് താരം കൊളംബിയക്കായി നേടിയത്. ഇതോടെ കോപ്പ അമേരിക്കയുടെ ഒരു എഡിഷനില്‍ ഏറ്റവുംകൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമായി മാറാനും ഹാമിഷിന് സാധിച്ചിരുന്നു.

നിലവില്‍ സ്പാനിഷ് ക്ലബ്ബായ റയോ വല്ലേക്കാനോയുടെ താരമാണ് ഹാമിഷ്. ബ്രസീലിയന്‍ ക്ലബ്ബായ സാവോ പോളോയില്‍ നിന്നും ഒരു വര്‍ഷത്തെ കരാറിലാണ് ഹാമിഷിനെ സ്പാനിഷ് ക്ലബ്ബ് സ്വന്തമാക്കിയത്.

Content Highlight: James Rodriguez Talks About Lionel Messi

We use cookies to give you the best possible experience. Learn more