|

റഫറി അര്‍ജന്റീനയെ സഹായിച്ചു, ഞങ്ങള്‍ക്ക് പെനാല്‍ട്ടി നല്‍കിയില്ല; ഫൈനലിലെ തോല്‍വിയെക്കുറിച്ച് കൊളംബിയന്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 കോപ്പ അമേരിക്ക ഫൈനലില്‍ റഫറി അര്‍ജന്റീനയ്ക്ക് അനുകൂലമായി നിലപാടുകളെടുത്തെന്ന് മുന്‍ റയല്‍ താരവും കൊളംബിയന്‍ ക്യാപ്റ്റനുമായ ഹാമിഷ് റോഡ്രിഗസ്. ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന കൊളംബിയയെ പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ ലൗട്ടാരോ മാര്‍ട്ടീനസ് നേടിയ ഗോളിന്റെ കരുത്തിലാണ് അര്‍ജന്റീന 16ാം കോപ്പ കിരീടം സ്വന്തമാക്കിയത്.

ഈ മത്സരത്തില്‍ റഫറി തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന പെനാല്‍ട്ടി അനുവദിച്ചില്ല എന്നാണ് റോഡ്രിഗസ് പറയുന്നത്. ഇത് മത്സരഫലത്തെ മാറ്റിമറിച്ചെന്നും അദ്ദേഹം പറയുന്നു. എഡു അഗ്വെറിന്റെ ലോസ് അമിഗോസ് ഡെ എഡു എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് റോഡ്രിഗസ് ഇക്കാര്യം സംസാരിച്ചത്.

‘കോപ്പ അമേരിക്കയില്‍ ഞങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തീര്‍ച്ചയായും ആ കിരീടം ഞങ്ങള്‍ക്ക് വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പുറത്തുനിന്നുള്ള ചില കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് വിജയിക്കാന്‍ സാധിച്ചില്ല.

എനിക്ക് തോന്നുന്നത് റഫറി അര്‍ജന്റീനയ്ക്ക് അനുകൂലമായാണ് നിലകൊണ്ടത് എന്നാണ്. ഞങ്ങള്‍ക്ക് പെനാല്‍ട്ടികളൊന്നും തന്നില്ല,’ റോഡ്രിഗസ് പറഞ്ഞു.

2024 കോപ്പയിലെ ഏറ്റവും വലിയ സര്‍പ്രൈസായിരുന്നു കൊളംബിയ. ബ്രസീല്‍, കോസ്റ്റാറിക്ക, പരഗ്വായ് എന്നിവരടങ്ങിയ ഗ്രൂപ്പില്‍ ഒന്നാമതായാണ് ടീം മുമ്പോട്ട് കുതിച്ചത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ പനാമയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തുവിട്ട കൊളംബിയ സെമിയില്‍ ഉറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി.

അര്‍ജന്റീനയ്‌ക്കെതിരായ കിരീടപ്പോരാട്ടത്തില്‍ നിശ്ചിത സമയത്തും ആഡ് ഓണ്‍ സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ പോയതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നത്.

മത്സരത്തിന്റെ 112ാം മിനിട്ടില്‍ ആല്‍ബിസെലസ്റ്റിനായി ലൗട്ടാരോ മാര്‍ട്ടീനസ് വിജയഗോള്‍ സ്വന്തമാക്കി.

കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും കൊളംബിയന്‍ നായകനെയാണ് ടൂര്‍ണമെന്റിലെ മോസ്റ്റ് വാല്യുബിള്‍ പ്ലെയറായി തെരഞ്ഞെടുത്തത്. ആറ് മത്സരത്തില്‍ നിന്നും ഒരു ഗോളും ആറ് അസിസ്റ്റുമാണ് താരം നേടിയത്.

Content Highlight: James Rodriguez says referee favored Argentina during 2024 Copa America final

Video Stories