| Thursday, 12th September 2024, 3:48 pm

സാഹചര്യങ്ങള്‍ കൊണ്ടാണ് ഞാന്‍ റൊണാള്‍ഡോയുടെ പേര് പറഞ്ഞത്, ഫുട്‌ബോളിലെ മികച്ച താരം മറ്റൊരാൾ: ഹാമിഷ് റോഡ്രിഗസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി തങ്ങളുടെ പ്രതിഭകൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റില്‍ കൊളംബിയന്‍ സൂപ്പര്‍താരം ഹാമിഷ് റോഡ്രിഗസ് അഭിപ്രായം പറഞ്ഞിരുന്നു. മെസിയാണ് മികച്ച താരമെന്നും എന്നാല്‍ താന്‍ റയലില്‍ കളിച്ചിരുന്ന സമയങ്ങളില്‍ റൊണാള്‍ഡോയെ മികച്ച താരമായി തെരഞ്ഞെടുക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്നുമാണ് റോഡ്രിഗസ് പറഞ്ഞത്. ലാ ഒപ്പിയനിലൂടെ സംസാരിക്കുകയായിരുന്നു കൊളംബിയന്‍ സൂപ്പര്‍താരം.

‘ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസിയാണെന്ന് ഞാന്‍ എപ്പോഴും കരുതിയിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോള്‍ ഏറ്റവും മികച്ചത് റൊണാള്‍ഡോയാണെന്ന് പറയാന്‍ ടീമിലെ കരാര്‍ പ്രകാരം ഞാന്‍ ബാധ്യസ്ഥനായിരുന്നു,’ ഹാമിഷ് റോഡ്രിഗസ് പറഞ്ഞു.

റയല്‍ മാഡ്രിഡില്‍ 2014 മുതല്‍ 2018 വരെയാണ് ഹാമിഷ് ലോസ് ബ്ലാങ്കോസിനൊപ്പം പന്തുതട്ടിയത്. ഈ നാല് വര്‍ഷക്കാലം റൊണാള്‍ഡോക്കൊപ്പം റയലില്‍ കളിക്കാന്‍ ഹാമിഷിനു സാധിച്ചു.

2014ലെ ബ്രസീലിയന്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് നേടിയത് ഹാമിഷ് ആയിരുന്നു. അഞ്ച് ഗോളുകള്‍ നേടികൊണ്ടാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് റയല്‍ മാഡ്രിഡ് താരത്തെ സ്വന്തമാക്കിയത്.

എന്നാല്‍ റയല്‍ മാഡ്രിഡിന്റെ പ്ലെയിങ്ങ് ഇലവനില്‍ താരത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. ലോസ് ബ്ലാങ്കോസിനൊപ്പം 125 മത്സരങ്ങളില്‍ നിന്നും 37 ഗോളുകളും 45 അസിസ്റ്റുകളുമാണ് ഹാമിഷിന് നേടാന്‍ സാധിച്ചത്. പിന്നീട് ബയേണ്‍ മ്യൂണിക്, എവര്‍ടണ്‍, അല്‍ റയാന്‍, ഒളിമ്പിയാക്കോസ്, സാവോ പോളോ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഹാമിഷ് ബൂട്ട് കെട്ടി.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്കയില്‍ കൊളംബിയയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ ഹാമിഷ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഒരു ഗോളും ആറ് അസിസ്റ്റുകളുമാണ് താരം കൊളംബിയക്കായി നേടിയത്. ഇതോടെ കോപ്പ അമേരിക്കയുടെ ഒരു എഡിഷനില്‍ ഏറ്റവുംകൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമായി മാറാനും ഹാമിഷിന് സാധിച്ചിരുന്നു.

എന്നാല്‍ ഫൈനലില്‍ അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് റോഡ്രിഗസിനും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു.

നിലവില്‍ സ്പാനിഷ് ക്ലബ്ബായ റയോ വല്ലേക്കാനോയുടെ താരമാണ് ഹാമിഷ്. ബ്രസീലിയന്‍ ക്ലബ്ബായ സാവോ പോളോയില്‍ നിന്നും ഒരു വര്‍ഷത്തെ കരാറിലാണ് ഹാമിഷ് വീണ്ടും സ്പാനിഷ് ലീഗിലേക്ക് കാലെടുത്തുവെച്ചത്.

അതേസമയം ലാ ലിഗയിലെ പുതിയ സീസണില്‍ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഓരോ വീതം ജയവും സമനിലയും രണ്ട് തോല്‍വിയും അടക്കം നാല് പോയിന്റോടെ 11ാം സ്ഥാനത്താണ് റയോ വെല്ലേക്കാനോ.

സെപ്റ്റംബര്‍ 17ന് ഒസാസുനക്കെതിരെയാണ് റയോ വെല്ലേക്കാനോയുടെ അടുത്ത മത്സരം. വെല്ലേക്കാനോയുടെ തട്ടകമായ എസ്റ്റാഡിയോ വല്ലേക്കാസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: James Rodrigues Talks About Cristaino Ronaldo and Lionel Messi

We use cookies to give you the best possible experience. Learn more