| Thursday, 11th July 2024, 2:16 pm

അവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ഫുട്‌ബോള്‍ ലോകം വിറച്ചു; കോപ്പയില്‍ അര്‍ജന്റീനക്കും മെസിക്കും ഒരേയൊരു വെല്ലുവിളി

സ്പോര്‍ട്സ് ഡെസ്‌ക്

2024 കോപ്പ അമേരിക്ക സെമി ഫൈനലില്‍ ഉറുഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി കൊളംബിയ ഫൈനലിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. ജൂലൈ 15ന് നടക്കുന്ന മയാമിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന കിരീടപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെയാണ് കൊളംബിയ നേരിടുക.

കോപ്പ അമേരിക്കയുടെ ചരിത്രത്തിലെ കൊളംബിയയുടെ മൂന്നാമത്തെ ഫൈനല്‍ ആണിത്. ഇതിനുമുമ്പ് 1975 ലും 2001ലും ആയിരുന്നു കൊളംബിയ കോപ്പയുടെ കലാശപ്പോരാട്ടത്തില്‍ കളിച്ചത്. ആദ്യ ഫൈനലില്‍ പെറുവിനെതിരെ കൊളംബിയ പരാജയപ്പെട്ടപ്പോള്‍ രണ്ടാം ഫൈനലില്‍ സ്വന്തം തട്ടകത്തില്‍ ചിലിയെ തോല്‍പ്പിച്ചു കൊണ്ട് ആദ്യ കോപ്പ കിരീടം സ്വന്തമാക്കുകയായിരുന്നു. നീണ്ട 23 വര്‍ഷങ്ങളായുള്ള കൊളംബിയന്‍ ജനതയുടെ കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിച്ചത്.

ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 39ാം മിനിട്ടില്‍ ജെഫേഴ്‌സ്ന്‍ ലേര്‍മയാണ് കൊളംബിക്കായി ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ഹാമിഷ് റോഡ്രിഗസ് എടുത്ത കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് ലേര്‍മ ലക്ഷ്യം കണ്ടത്.

ഈ ഗോളിന് വഴിയൊരുക്കിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഹാമിഷ് സ്വന്തമാക്കിയത്. കോപ്പ അമേരിക്കയുടെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് കൊളംബിയന്‍ ക്യാപ്റ്റന്‍ കൈപ്പിടിയിലാക്കിയത്.ഈ കോപ്പയില്‍ ഒരു ഗോളും ആറ് അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.

2014 ബ്രസീലിയന്‍ മണ്ണില്‍ നടന്ന ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയത് റോഡ്രിഗസ് ആയിരുന്നു. ആ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടികൊണ്ടായിരുന്നു താരം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.

അന്ന് ഫുട്‌ബോള്‍ ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരം പിന്നീട് പതുക്കെ പതുക്കെ ഫുട്‌ബോള്‍ ലോകത്ത് നിന്നും മങ്ങി പോവുകയായിരുന്നു. ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഹാമിഷിനെ സ്വന്തം തട്ടകത്തില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ റയലിന്റെ പ്ലെയിങ് ഇലവനില്‍ താരത്തിന് അവസരങ്ങള്‍ വളരെ കുറവായിരുന്നു. ലോസ് ബ്ലാങ്കോസിനൊപ്പം തന്റെ മിന്നും പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ഹാമിഷിന് കൃത്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. 125 മത്സരങ്ങളില്‍ നിന്നും 37 ഗോളുകളും 45 അസിസ്റ്റുമാണ് ഹാമിഷിന് നേടാന്‍ സാധിച്ചത്.

പിന്നീട് താരം ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് കൂടുമാറുകയായിരുന്നു. ജര്‍മനിയില്‍ രണ്ട് വര്‍ഷം പന്ത് തട്ടിയ ഹാമിഷ് വീണ്ടും സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിയെങ്കിലും വീണ്ടും തഴയപ്പെടുകയായിരുന്നു. പിന്നീട് എവര്‍ടണ്‍, അല്‍ റയാന്‍, ഒളിമ്പിയാകോസ് തുടങ്ങിയ വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടിയും താരം ബൂട്ടുകെട്ടി. നിലവില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാവോ പോളോയുടെ താരമാണ് ജെയിംസ്.

ഇപ്പോള്‍ തന്റെ പഴയ പ്രതിഭ കൊണ്ട് വീണ്ടും ഫുട്‌ബോള്‍ ലോകത്ത് തനിക്ക് നഷ്ടപ്പെട്ട സ്ഥാനം തിരിച്ച് പിടിച്ചിരിക്കുകയാണ് കൊളംബിയന്‍ ക്യാപ്റ്റന്‍. ഈ കോപ്പയില്‍ കൊളംബിയയുടെ ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് റോഡ്രിഗസ്. ഈ കോപ്പയിലുടനീളം ഹാമിഷ് നടത്തിയ പോരാട്ടവീര്യം ഏറ്റവും ശ്രദ്ധേയമായാണ്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസീലിന്റെ മണ്ണില്‍ സ്വന്തം രാജ്യത്തിന്റെ തോല്‍വിയില്‍ വേദനിച്ച ആ 23കാരന് ഇന്ന് തന്റെ രാജ്യത്തെ ലാറ്റിന്‍ അമേരിക്കയുടെ രാജാക്കന്മാരാക്കാന്‍ ഇനി ഒറ്റ മത്സരത്തിന്റെ ദൂരം മാത്രമാണ് മുന്നിലുള്ളത്.

Content Highlight: James Rodrigues Great Performance in Copa America 2024

We use cookies to give you the best possible experience. Learn more