| Tuesday, 23rd January 2024, 11:45 am

സമനില ആയാലെന്താ, തകർപ്പൻ റെക്കോഡ് പോക്കറ്റിലാക്കി; പ്രിമീയർ ലീഗിൽ രണ്ടാമൻ ഇംഗ്ലീഷുകാരൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സ്-ബ്രൈറ്റണ്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. മത്സരം സമനിലയില്‍ ആയെങ്കിലും ഒരു അവിസ്മരണീയമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബ്രൈറ്റണ്‍ന്റെ ഇംഗ്ലീഷ് താരമായ ജെയിംസ് മില്‍നര്‍.

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന നേട്ടമാണ് ജെയിംസ് മില്‍നര്‍ സ്വന്തം പേരിലാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 633 മത്സരങ്ങളാണ് ഇംഗ്ലീഷുകാരന്‍ കളിച്ചിട്ടുള്ളത്. ഇതിന് മുമ്പ് ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ക്ക് വേണ്ടിയും ജെയിംസ് കളിച്ചിട്ടുണ്ട്. 2023ലാണ് താരം ആന്‍ഫീല്‍ഡില്‍ നിന്നും ബ്രൈറ്റണ്‍ന്റെ തട്ടകത്തിലെത്തുന്നത്. ഈ സീസണില്‍ 14 മത്സരങ്ങളില്‍ കളിച്ച താരം രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

മുന്‍ ഇംഗ്ലണ്ട് താരം ഗാരെത് ബാരിയാണ് ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 653 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളിലാണ് ബാരി കളത്തിലിറങ്ങിയത്.

അതേസമയം ഫാല്‍മര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ബ്രൈറ്റണ്‍ അണിനിരന്നത്. മറുഭാഗത്ത് 3-4 -2-1 എന്ന ശൈലിയുമായിരുന്നു വോള്‍വ്‌സ് പിന്തുടര്‍ന്നത്.

മത്സരത്തില്‍ 72% പന്ത് കൈവശം വെച്ചുകൊണ്ട് ബ്രൈറ്റണ്‍ മികച്ച ആധിപത്യം പുലര്‍ത്തിയെങ്കിലും ടീമിന് ഗോള്‍ നേടാന്‍ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. 11 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ബ്രൈറ്റണ്‍ പായിച്ചത്. മറുഭാഗത്ത് എട്ട് ഷോട്ടുകള്‍ ആണ് വോള്‍വ്‌സ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉന്നം വെച്ചത്.

സമനിലയോടെ 21 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും എട്ട് സമനിലയും അഞ്ചു തോല്‍വിയും അടക്കം 32 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബ്രെറ്റണ്‍. അതേസമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും അഞ്ചു സമനിലയും എട്ടുതോല്‍വിയും അടക്കം 29 പോയിന്റുമായി 11 സ്ഥാനത്താണ് വോള്‍വ്‌സ്.

എഫ്.എ കപ്പില്‍ ജനുവരി 27ന് ഷെഫീല്‍ഡ് യൂണൈറ്റഡിനെതിരെയാണ് ബ്രൈറ്റണ്‍ന്റെ അടുത്ത മത്സരം. ജനുവരി 28ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ബ്രോമാണ് വോള്‍വ്‌സിന്റെ എതിരാളികള്‍.

Content Highlight: James Milner create a new record in English Premiere League.

We use cookies to give you the best possible experience. Learn more