ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സിയുടെ പുതിയ വില്ലന്റെ കാസ്റ്റിങ്ങിനെ ചോദ്യം ചെയ്തുകൊണ്ടുള്ള സോഷ്യല്‍ മീഡിയയിലെ വംശീയ അധിക്ഷേപ കമന്റിനെതിരെ ഡി.സി സ്റ്റുഡിയോ ബോസ് ജെയിംസ് ഗണ്‍.
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ ചുക്വുഡി ഇവൂജി ചേരുന്നതിലുള്ള തന്റെ ആവേശം ജെയിംസ് ഗണ്‍ ഇന്‍സ്റ്റാഗ്രാമിലൂടെ തിങ്കളാഴ്ച പങ്കുവെച്ചിരുന്നു. നൈജീരിയന്‍ ബ്രിട്ടീഷ് ആക്ടറായ ചുക്വുഡി ഇവൂജിയുടെ റോക്കറ്റ് ക്രിയേറ്റേര്‍സ് ഫ്രാഞ്ചെസിയുടെ മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗം മാര്‍ച്ച് അഞ്ചിന് റിലീസ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ജെയിംസ് ഗണ്‍ തന്റെ ആകാംക്ഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
‘ഈ വ്യക്തിയെ എല്ലാവരും കാണുന്നതുവരെ കാത്തിരിക്കാന്‍ എന്നെകൊണ്ട് സാധിക്കുന്നില്ല’ എന്ന ക്യാപ്ഷനോടെയാണ് ഇവൂജിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഗണ്‍ പങ്കുവെച്ചത്. എന്നാല്‍ ഇവൂജിയുടെ ചര്‍മത്തിന്റെ നിറത്തിന്റെ പേരില്‍ കാസ്റ്റിങ്ങിനെതിരെ പലരും കമന്റ് ചെയ്തു.
‘നാശം… മറ്റൊരു വെള്ളക്കാരനെ അവര്‍ കറുത്ത ആളാക്കി,’ എന്നായിരുന്നു ഒരാള്‍ എഴുതിയത്. ‘എന്തുകൊണ്ടാണ് അവര്‍ക്ക് വെളുത്തവനെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. ഏഷ്യന്‍ അല്ലെങ്കില്‍ ഒരു ലാറ്റിനോ ആയവരെ തെരഞ്ഞെടുത്തൂടെ? അല്ലെങ്കില്‍ ഇവനെ ഇന്ത്യക്കാരനോ മറ്റെന്തെങ്കിലും ആക്കൂ. എന്നായിരുന്നു മറ്റൊരു കമന്റ്.
‘ദുഖകരവും ദയനീയവും. ഇങ്ങനെയാണെങ്കില്‍ അടുത്ത തവണ പ്രധാനകഥാപാത്രമായിട്ട് ട്രാന്‍സ്‌ജെന്‍ഡറോ ഹോമോസെക്ഷ്വലായിട്ടുള്ള ആളെയോ തെരഞ്ഞെടുക്കും’, എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഇത്തരത്തില്‍ നിരവധി വംശീയ അധിക്ഷേപ കമന്റുകള്‍ വരാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ഇതിനെതിരെ ജെയിംസ് ഗണ്‍ പ്രതികരിച്ചത്. ചുക്വുഡി ഇവൂജി മികച്ച നടനും നല്ല വ്യക്തിയുമാണെന്നും വംശിയ അധിക്ഷേപങ്ങള്‍ നിര്‍ത്താനുമാണ് ജെയിംസ് ഗണ്‍ ആവശ്യപ്പെട്ടത്.
‘ഞാന്‍ മികച്ച നടനെയും മികച്ച വ്യക്തിയേയുമാണ് ആ കഥാപാത്രത്തിനായി തെരഞ്ഞെടുത്തത്. ചുക്വുഡി ഇവൂജി ഏത് വംശീയനാണെന്ന് നോക്കേണ്ട ആവശ്യമില്ല. അതിനാല്‍ എന്തുകൊണ്ടാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത് എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ വംശീയ അനുമാനങ്ങള്‍ നിര്‍ത്തുക,” ജെയിംസ് ഗണ്‍ കുറിച്ചു.
റോയല്‍ ഷേക്‌സ്പിയര്‍ കമ്പനിയുടെ അസോസിയേറ്റ് ആര്‍ട്ടിസ്റ്റാണ് ഇവൂജി. തന്റെ കരിയറിന്റെ ഭൂരിഭാഗവും തിയേറ്ററില്‍ അഭിനയിച്ചതിന് ശേഷം അടുത്തിടെയാണ് സിനിമയിലേക്ക് അദ്ദേഹമെത്തിയത്.
content highlight: James Gunn against bad comments