മലയാളി വെബ് സീരീസ് പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട യൂട്യൂബ് ചാനലാണ് കരിക്ക്. മിക്ക മലയാളികള്‍ക്കും വെബ് സീരീസ് പരിചയപ്പെടുത്തിയതും കരിക്ക് തന്നെയാണ്. കോമഡി സീരീസുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ കരിക്ക് ഈയിടെ ഹ്യൂമര്‍ വിട്ട് സീരിയസ് കഥകള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്.
കരിക്കിന്റെ ഏറ്റവും പുതിയ സീരീസായിരുന്നു പൊരുള്‍. ആറ് എപ്പിസോഡുകളുള്ള പൊരുള്‍ ഒരു ത്രില്ലര്‍ ഴോണറിലുള്ളതാണ്. ഗൗതം സൂര്യ സംവിധാനം ചെയ്ത സീരീസില്‍ അനു കെ. അനിയന്‍, ജെയിംസ് ഏലിയ, ആന്‍ സലിം, മാല പാര്‍വതി തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.
കരിക്ക് തനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ലെന്ന് പറയുകയാണ് ജെയിംസ് ഏലിയ. ആദ്യം നോ ആയിരുന്നു പറഞ്ഞിരുന്നതെന്നും പിന്നീട് അസോസിയേറ്റ് വിളിച്ചപ്പോഴാണ് പൊരുളില്‍ അഭിനയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജെയിംസ് ഏലിയ.
‘കരിക്ക് എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. ഞാന്‍ ആ കാര്യം അവരോടൊക്കെ പറഞ്ഞിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം എനിക്ക് ഇഷ്ടമേ അല്ലായിരുന്നു. ആദ്യം ഞാന്‍ ഏകദേശം ഒരു നോ തന്നെയായിരുന്നു പറഞ്ഞത്. വേറെയൊന്നും അല്ല, ആ പ്ലാറ്റ്‌ഫോമിനോട് താത്പര്യമില്ലാത്തത് കൊണ്ടായിരുന്നു. എന്നുവെച്ചാല്‍ സിനിമയോടാണ് വലിയ താത്പര്യം എന്നുമല്ല.
പിന്നീട് അസോസിയേറ്റ് ഗോപിയാണ് എന്നെ വിളിച്ചതെന്ന് തോന്നുന്നു. അവന്‍ നമ്മളോട് നന്നായി പഞ്ചാരയടിക്കുന്ന ആളാണ്. നമ്മളെ രസമായി പാമ്പറ് ചെയ്ത് കൊണ്ടുപോകും. അവന്‍ ചേട്ടന്‍ ഇത് ചെയ്താല്‍ നന്നാകുമെന്ന് പറഞ്ഞു. എങ്കില്‍ ശരി, നോക്കാമെന്ന് ഞാനും പറഞ്ഞു.
പക്ഷെ വന്ന് കഴിഞ്ഞപ്പോള്‍ വലിയ പ്രശ്‌നമായി തോന്നിയില്ല. എനിക്ക് അതിന്റെ റിസള്‍ട്ട് ഒക്കെ പിന്നീട് വരുന്ന കാര്യമായിരുന്നു. നമ്മള്‍ ഇവിടെ ഇരിക്കുന്നത് പോലും അത് ആളുകള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടത് കൊണ്ടാണ്. ആളുകള്‍ക്ക് ഇഷ്ടപ്പെടാത്ത കുറേ വര്‍ക്കുകളുണ്ട്,’ ജെയിംസ് ഏലിയ പറഞ്ഞു.
Content Highlight: James Elia Talks About Karikku