ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്. ആദ്യ ടെസ്റ്റില്‍ 325 റണ്‍സിന് ഒമ്പത് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട്, കിവികളെ ആദ്യ ഇന്നിങ്‌സില്‍ 306 റണ്‍സിന് എറിഞ്ഞിട്ടു.
ഇംഗ്ലണ്ടിനായി ഒല്ലി റോബിന്‍സണ്‍ നാലും ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ആഞ്ച് മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ 16.5 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് ആന്‍ഡേഴ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 2.14 എന്ന എക്കോണമിയിലായിരുന്നു താരം പന്തെറിഞ്ഞത്.
2003 മെയില്‍ തന്റെ 20ാം വയസില്‍ വിക്കറ്റ് വേട്ട തുടങ്ങിയ ആന്‍ഡേഴ്‌സണ്‍ 20 വര്‍ഷം പിന്നിട്ട് 2023ല്‍ തന്റെ 40ാം വയസിലും അതേ പ്രകടനം ആവര്‍ത്തിക്കുകയാണ്.
ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ കെയ്ന്‍ വില്യംസണെ വീഴ്ത്തിക്കൊണ്ടായിരുന്നു ആന്‍ഡേഴ്‌സണ്‍ തുടങ്ങിയത്. പിന്നാലെ ഹെന്റി നിക്കോള്‍സും ന്യൂസിലാന്‍ഡ് ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ച ടോം ബ്ലണ്ടലും ആന്‍ഡേഴ്‌സണിന്റെ പേസിന്റെ ചൂടറിഞ്ഞു.
കെയ്ന്‍ വില്യംസണെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ ആന്‍ഡേഴ്‌സണ്‍ നിക്കോള്‍സിനെ സാക്ക് ക്രോളിയുടെ കൈകളിലെത്തിച്ച് മടക്കി. ടോം ബ്ലണ്ടലിനെ റിട്ടേണ്‍ ക്യാച്ചായാണ് താരം പുറത്താക്കിയത്.
ഇതോടെ തുടര്‍ച്ചയായ 21ാം വര്‍ഷത്തിലും വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ട് ബൗളിങ്ങിന്റെ നെടുംതൂണാകുന്നത്.
2003 – 26 വിക്കറ്റ്
2004 – 7 വിക്കറ്റ്
2005 – 2 വിക്കറ്റ്
2006 – 8 വിക്കറ്റ്
2007 – 19 വിക്കറ്റ്
2008 – 46 വിക്കറ്റ്
2009 – 40 വിക്കറ്റ്
2010 – 57 വിക്കറ്റ്
2011 – 35 വിക്കറ്റ്
2012 – 48 വിക്കറ്റ്
2013 – 52 വിക്കറ്റ്
2014 – 40 വിക്കറ്റ്
2015 – 46 വിക്കറ്റ്
2017 – 55 വിക്കറ്റ്
2018 – 43 വിക്കറ്റ്
2019 – 12 വിക്കറ്റ്
2020 – 23 വിക്കറ്റ്
2021 – 39 വിക്കറ്റ്
2022 – 36 വിക്കറ്റ്
2023 – 3* വിക്കറ്റ് – എന്നിങ്ങനെയാണ് ഓരോ വര്‍ഷത്തിലും ആന്‍ഡേഴ്‌സന്റെ പ്രകടനം.
അതേസമയം, ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. ഓരോ പന്തും ആക്രമിച്ചുകളിക്കുന്ന ബാസ്‌ബോള്‍ ശൈലി തന്നെയാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിലും പിന്തുടരുന്നത്.
രണ്ടാം ഇന്നിങ്‌സിലെ 36ാം ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 221 ന് നാല് വിക്കറ്റ് എന്ന നിലയിലാണ്. 50 റണ്‍സ് വീതമെടുത്ത ഹാരി ബ്രൂക്കും ജോ റൂട്ടുമാണ് ക്രീസില്‍. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ബേ ഓവലില്‍ വെച്ച് നടക്കുന്നത്.
Content Highlight: James Anderson took a wicket for the 21st year in a row