| Tuesday, 13th August 2024, 9:04 am

വിരമിച്ചത് ടെസ്റ്റിൽ നിന്നും മാത്രം, ഞാൻ ഇനിയും ക്രിക്കറ്റ് കളിക്കും: ജെയിംസ് ആൻഡേഴ്സൺ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആയിരുന്നു ആന്‍ഡേഴ്‌സണ്‍ അവസാനമായി ഇംഗ്ലണ്ടിനായി പന്തെറിഞ്ഞത്. നീണ്ട 21 വര്‍ഷത്തെ തന്റെ കരിയറിന് വിരാമമിട്ടുകൊണ്ടാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയത്.

ഇപ്പോഴിതാ വിരമിച്ചിട്ടും ക്രിക്കറ്റിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. ടെസ്റ്റില്‍ നിന്നല്ലാതെ മറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ ഇനിയും ക്രിക്കറ്റ് കളിക്കുമെന്നുമാണ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞത്. പി.എ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഇംഗ്ലണ്ടിനായി ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ എന്റെ യഥാര്‍ത്ഥ ക്രിക്കറ്റ് കരിയറിനെ കുറിച്ച് ഞാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ചെറിയ ഫോര്‍മാറ്റുകളില്‍ കളിക്കാന്‍ എനിക്ക് ആലോചനയുണ്ട്. കാരണം ഇതിനുമുമ്പ് ഞാന്‍ ഫ്രാഞ്ചൈസി ടീമുകള്‍ക്കായി കളിച്ചിട്ടില്ല.

ഈ വര്‍ഷം ഹണ്‍ഡ്രഡ് ടൂര്‍ണമെന്റ് നടക്കുന്നത് കാണുമ്പോള്‍ എനിക്ക് ആ ടൂര്‍ണമെന്റില്‍ ബോള്‍ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. ഈ വേനല്‍ക്കാലം അവസാനിച്ചു കഴിഞ്ഞാല്‍ അടുത്ത വര്‍ഷം വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമോ എന്നെനിക്ക് ചിന്തിക്കണം,’ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുപിടി അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ആന്‍ഡേഴ്സണ്‍. ഇംഗ്ലണ്ടിനൊപ്പം 158 ടെസ്റ്റ് മത്സരങ്ങളില്‍ പന്തെറിഞ്ഞ ജെയിംസ് 704 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ആന്‍ഡേഴ്സന്‍.

ടെസ്റ്റ് ക്രിക്കറ്റിനു പുറമേ മൂന്ന് ഫോര്‍മാറ്റുകളിലുമായി 501 ഇന്നിങ്സുകളില്‍ നിന്നും 991 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ കൂടി കളിക്കാന്‍ ആന്‍ഡേഴ്സന് സാധിച്ചിരുന്നുവെങ്കില്‍ 1000 വിക്കറ്റുകള്‍ എന്ന നാഴികക്കല്ലിലേക്ക് നടന്നുകയറാനും ഇംഗ്ലീഷ് ഇതിഹാസ താരത്തിന് കഴിയുമായിരുന്നു. വിന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിങ്സുകളിലായി നാല് വിക്കറ്റുകള്‍ ആണ് ആന്‍ഡേഴ്സണ്‍ നേടിയിരുന്നത്.

Content Highlight: James Anderson Talks About His Come Back of Cricket

We use cookies to give you the best possible experience. Learn more