ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയര്‍ അവനാണ്; വമ്പന്‍ പ്രസ്താവനയുമായി ജെയിംസ് ആന്‍ഡേഴ്‌സന്‍
Sports News
ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയര്‍ അവനാണ്; വമ്പന്‍ പ്രസ്താവനയുമായി ജെയിംസ് ആന്‍ഡേഴ്‌സന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th August 2024, 4:37 pm

ബംഗ്ലാദേശിനെതിരെയ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

പുതിയ ടെസ്റ്റ് സീസണ്‍ ആരംഭിക്കാനിരിക്കുമ്പോള്‍ വമ്പന്‍ തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലിയയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും.

ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാനതാരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍. ടെസ്റ്റില്‍ വിരാട് കോഹ്‌ലിയെപ്പോലെയൊരു മികച്ച താരത്തെ താന്‍ കണ്ടിട്ടില്ലെന്നാണ് ആന്‍ഡേഴ്‌സന്‍ പറഞ്ഞത്. ടെസ്റ്റില്‍ ചേസിങ്ങില്‍ രണ്ടാമതായി ബാറ്റ് ചെയ്ത് സ്‌കോര്‍ ഉയര്‍ത്തി മത്സരം ഫിനിഷ്‌ചെയ്യുന്ന മികച്ച താരമാണ് വിരാട് എന്നാണ് ആന്‍ഡേഴ്‌സന്‍ പറഞ്ഞത്. ടെയ്‌ലെന്‍ഡേഴ്‌സ് പോട്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം.

‘ടെസ്റ്റില്‍ ചേസിങ്ങില്‍ രണ്ടാമതായി ബാറ്റ് ചെയ്ത് സ്‌കോര്‍ ഉയര്‍ത്തി മത്സരം ഫിനിഷ്‌ചെയ്യുന്ന മികച്ച താരമാണ് വിരാട്. ടെസ്റ്റില്‍ വിരാടിന്റെ റെക്കോര്‍ഡ് തികച്ചും അസാധാരണമാണ്. അവനെപ്പോലെ കളിക്കുന്ന ഒരു താരം ടെസ്റ്റ് ചരിത്രത്തില്‍ ഉണ്ടെന്ന് എനിക്കുറപ്പില്ല. രണ്ടാം ഇന്നിങ്സില്‍ അവന്‍ നേടിയ സെഞ്ച്വറികളുടെ എണ്ണം മറികടക്കാന്‍ എളുപ്പമല്ല. അവന്റെ ആത്മവിശ്വാസം അത്ര വലുതാണ്,’ ആന്‍ഡേഴസന്‍ പോട്കാസ്റ്റില്‍ പറഞ്ഞു.

റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 68 മത്സരങ്ങളില്‍ നയിച്ച വിരാട് 40 മത്സരങ്ങളില്‍ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. ശേഷം 2022 ജനുവരിയിലാണ് വിരാട് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.

ഇന്ത്യക്കായി ഐതിഹാസികമായ ഒരു കരിയറാണ് വിരാട് പടുത്തുയര്‍ത്തിയത്. 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് വിരാട് നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയാണ് മറ്റൊരു പ്രധാന പമ്പര. നവംബര്‍ 26നാണ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26മുതല്‍ 30 വരെയാണ് നടക്കുക.

രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും.

 

Content Highlight: James Anderson Talking About Virat Kohli