അദ്ദേഹമാണ് ഞാന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച ബാറ്റര്‍; വെളിപ്പെടുത്തലുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍
Sports News
അദ്ദേഹമാണ് ഞാന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച ബാറ്റര്‍; വെളിപ്പെടുത്തലുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th July 2024, 7:20 pm

വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ലോഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ വമ്പന്‍ തകര്‍ച്ചയാണ് വിന്‍ഡീസിന് നേരിട്ടുകൊണ്ടിരുക്കുന്നത്. നിലവില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് ടീം നേടിയത്.

ഈ മത്സരത്തില്‍ ആരാധകര്‍ നിരാശയോടെ നോക്കി കാണുന്ന കാര്യമാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയുന്നത്. തന്റെ ഐതിഹാസികമായ ടെസ്റ്റ് കരിയര്‍ വിന്‍ഡീസിനെതിരായ ഈ ടെസ്റ്റില്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് 46 വയസ്സുകാരനായ ആന്‍ഡേഴ്സണ്‍.

തന്റെ കരിയറില്‍ നിരവധി ഇതിഹാസതാരങ്ങളെ താരം പുറത്താക്കിയിട്ടുണ്ട്. അതില്‍ ഒരാളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മത്സരത്തിനു മുമ്പേ താരം നടത്തിയ പ്രസ് മീറ്റില്‍ തന്റെ കരിയറില്‍ നേരിട്ടുള്ള ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരാണെന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഞാന്‍ പന്തെറിഞ്ഞ ഏറ്റവും മികച്ച ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ്’ സ്‌കൈ സ്‌പോര്‍ട്‌സിനോട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

നിലവില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മത്സരം പുരോഗമിക്കുമ്പോള്‍ മൂന്ന് മെയ്ഡന്‍ അടക്കം 9 ഓവറാണ് ആന്‍ഡേഴ്സണ്‍ എറിഞ്ഞത്. നിലവില്‍ വിക്കറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും വെറും 20 റണ്‍സ് ആണ് താരം വഴങ്ങിയത് .

ഇംഗ്ലണ്ടിനുവേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് ഗസ് അറ്റ്കിന്‍സണ്‍ ആണ്. 11 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ അഞ്ച് മെയ്ഡന്‍ അടക്കം 37 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. താരത്തിന് പുറമേ ക്രിസ് വോക്‌സ്, ബെന്‍ സ്റ്റോക്ക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Content Highlight: James Anderson talking about Sachin Tendulkar