| Tuesday, 9th July 2024, 5:49 pm

ഇപ്പോള്‍ കരയാനുള്ള നേരമല്ല, എനിക്ക് നന്നായി കളിക്കണം; ജെയിംസ് ആന്‍ഡേഴ്‌സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ക്രിക്കറ്റ് ലെജന്‍ഡ് ജെയിംസ് ആന്‍ഡേഴ്സണിന്റെ അവസാന മത്സരത്തിനാണ് പരമ്പരയില്‍ ആരാധകര്‍ സാക്ഷ്യം വഹിക്കുക. ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം കളിച്ച് ആന്‍ഡേഴ്‌സണ്‍ മഹോജ്വലമായ തന്റെ കരിയറിനോട് വിടപറയും.

ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഐതിഹാസികമായ കരിയറിനാണ് ഇംഗ്ലണ്ടിന്റ എക്കാലത്തെയും മികച്ച ബൗളര്‍ വിടപറയാനൊരുങ്ങുന്നത്. ജൂലൈ 10നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഇതോടെ കരിയറിലെ 188ാം മത്സരത്തിനാണ് ആന്‍ഡേഴ്‌സണ്‍ ഒരുങ്ങുന്നത്. 2003ല്‍ കരിയര്‍ ആരംഭിച്ച താരം ഇതുവരെ ഇംഗ്ലണ്ടിനായി 348 ഇന്നിങ്‌സുകളില്‍ നിന്നുമായി 39,877 പന്തുകളെറിഞ്ഞിട്ടുണ്ട്.

2.79എക്കോണമിയിലും 26.52 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരം 700 ടെസ്റ്റ് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് ബൗളറും ആദ്യ പേസറുമാണ് ആന്‍ഡേഴ്‌സണ്‍. തന്റെ അവസാന ടെസ്റ്റിന് മുന്നോടിയായ പത്രസമ്മേളനത്തില്‍ സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍.

‘ഈ മത്സരത്തെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ കൂടുതലൊന്നും ചിന്തിക്കുന്നില്ല. കളിക്കുമ്പോള്‍ എനിക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നത് അതിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ആഴ്ചയില്‍ എനിക്ക് നന്നായി കളിക്കാന്‍ സാധിക്കണം എന്നതാണ് ഏറ്റവും വലുത്.
നന്നായി പന്തെറിയുക,വിജയിക്കുക…! എനിക്കറിയാം ഈ ആഴ്ചയില്‍ ഞാന്‍ കൂടുതല്‍ ഇമോഷണല്‍ ആകുമെന്ന്. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ കരയാതിരിക്കാനാണ് ശ്രദ്ധിക്കുന്നത്,’ജയിംസ് ആന്‍ഡേഴ്‌സണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇംഗ്ലണ്ട് സ്‌ക്വാഡ് (ആദ്യ 2 ടെസ്റ്റ്)

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (ആദ്യ മത്സരം മാത്രം), ഗസ് ആറ്റ്കിന്‍സണ്‍, ഷോയ്ബ് ബഷീര്‍, ഹാരി ബ്രൂക്ക്, സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഡാന്‍ ലോറന്‍സ്, ഡില്ലണ്‍ പെന്നിങ്ടണ്‍, ഒലി പോപ്പ്, മാത്യൂ പോട്‌സ്, ജോ റൂട്ട്, ജെയ്മി സ്മിത്, ക്രിസ് വോക്‌സ്.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

അലിക് അത്തനാസ്, കിര്‍ക് മെക്കന്‍സി, ക്രെയ്ഗ് ബ്രാത്വെയ്റ്റ് (ക്യാപറ്റന്‍), മിഖൈല്‍ ലൂയിസ്, സക്കാരി മക്കാസി, ജേസണ്‍ ഹോള്‍ഡര്‍, കവേം ഹോഡ്ജ്, കെവിന്‍ സിംക്ലെയര്‍, ജോഷ്വ ഡ സല്‍വ (വിക്കറ്റ് കീപ്പര്‍), ടെവിന്‍ ഇംലാച്ച് (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി, ജെയ്ഡന്‍ സീല്‍സ്, ജെറമിയാ ലൂയിസ്, ഷമര്‍ ജോസഫ്.

Content Highlight: James Anderson Talking About His Last Match Against West Indies

We use cookies to give you the best possible experience. Learn more