| Wednesday, 10th July 2024, 9:54 am

ലാസ്റ്റ് ഡാന്‍സിനായി ഇന്ന് ക്രിക്കറ്റിന്റെ മക്കയിലേക്ക്; ആവേശവും അതിലേറെ നിരാശയുമായി ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ പരമ്പരക്ക് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സ് വേദിയാവുകയാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം അരങ്ങേറുന്നത്.

ഏറെ ആവേശത്തോടെയും അതിനൊപ്പം നിരാശയോടെയുമാണ് ആരാധകര്‍ ഈ മത്സരത്തിന് സാക്ഷിയാകാനൊരുങ്ങുന്നത്. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ കരിയറുകള്‍ക്കൊന്നിന് ഈ മത്സരത്തോടെ തിരശ്ശീല വീഴുകയാണ്.

ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണാണ് തന്റെ അവസാന മത്സരത്തിനിറങ്ങുന്നത്. താരത്തന്റെ കരിയറിലെ 188ാം മത്സരമാണിത്. 2003ല്‍, കരിയറിലെ ആദ്യ ടെസ്റ്റ് കളിച്ച അതേ ലോര്‍ഡ്‌സില്‍ തന്നെയാണ് ആന്‍ഡേഴ്‌സണ്‍ തന്റെ മഹോജ്ജ്വല കരിയറിന് വിരാമമിടുന്നത്.

2.79എക്കോണമിയിലും 26.52 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരം 700 ടെസ്റ്റ് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് മാത്രം ബൗളറും ആദ്യ പേസറുമാണ് ആന്‍ഡേഴ്‌സണ്‍.

അതേസമയം, ഈ മത്സരം കഴിഞ്ഞാലും ആന്‍ഡേഴ്‌സണ്‍ മറ്റൊരു റോളില്‍ ടീമിനൊപ്പം തുടര്‍ന്നേക്കും. വിരമിക്കലിന് ശേഷം താരം ടീമിന്റെ ബൗളിങ് കണ്‍സള്‍ട്ടന്റായി ചുമതലയേല്‍ക്കും.

ഇതോടെ നിലവിലെ ബൗളര്‍മാര്‍ക്കും യുവ താരങ്ങള്‍ക്കും ഇതിഹാസത്തിന്റെ ശിക്ഷണത്തില്‍ ‘ആന്‍ഡേഴ്സണ്‍ അക്കാദമി’യില്‍ നിന്നും പഠിച്ചിറങ്ങാന്‍ സാധിക്കും.

അതേസമയം, ജോണി ബെയര്‍സ്റ്റോയും ബെന്‍ ഫോക്സും അടക്കമുള്ള പല സൂപ്പര്‍ താരങ്ങളെയും പുറത്തിരുത്തി യുവ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇ.സി.ബി വിന്‍ഡീസിനെതിരായ പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇരുവര്‍ക്കും ആന്‍ഡേഴ്സണിന്റെ അവസാന ടെസ്റ്റിന്റെ ഭാഗമാകാന്‍ സാധിക്കില്ല.

പേസര്‍ ഡില്ലണ്‍ പെന്നിങ്ടണും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജെയ്മി സ്മിത്തും ത്രീ ലയണ്‍സിനായി അരങ്ങേറ്റം കുറിക്കും. ഇവര്‍ക്ക് പുറമെ ഷോയ്ബ് ബഷീര്‍ അടക്കമുള്ള താരങ്ങളും സ്‌ക്വാഡിന്റെ ഭാഗമാണ്.

ഇംഗ്ലണ്ട് സ്‌ക്വാഡ് (ആദ്യ 2 ടെസ്റ്റ്)

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (ആദ്യ മത്സരം മാത്രം), ഗസ് ആറ്റ്കിന്‍സണ്‍, ഷോയ്ബ് ബഷീര്‍, ഹാരി ബ്രൂക്ക്, സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഡാന്‍ ലോറന്‍സ്, ഡില്ലണ്‍ പെന്നിങ്ടണ്‍, ഒലി പോപ്പ്, മാത്യൂ പോട്‌സ്, ജോ റൂട്ട്, ജെയ്മി സ്മിത്, ക്രിസ് വോക്‌സ്.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

അലിക് അത്തനാസ്, കിര്‍ക് മെക്കന്‍സി, ക്രെയ്ഗ് ബ്രാത്വെയ്റ്റ് (ക്യാപറ്റന്‍), മിഖൈല്‍ ലൂയിസ്, സക്കാരി മക്കാസി, ജേസണ്‍ ഹോള്‍ഡര്‍, കവേം ഹോഡ്ജ്, കെവിന്‍ സിംക്ലെയര്‍, ജോഷ്വ ഡ സല്‍വ (വിക്കറ്റ് കീപ്പര്‍), ടെവിന്‍ ഇംലാച്ച് (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി, ജെയ്ഡന്‍ സീല്‍സ്, ജെറമിയാ ലൂയിസ്, ഷമര്‍ ജോസഫ്.

Content Highlight: James Anderson’s last Test match

We use cookies to give you the best possible experience. Learn more