ആറ് ഓവര്‍, അതില്‍ അഞ്ച് മെയ്ഡിന്‍, നാല് റണ്‍ വിട്ടുനല്‍കി 2 വിക്കറ്റും
Sports News
ആറ് ഓവര്‍, അതില്‍ അഞ്ച് മെയ്ഡിന്‍, നാല് റണ്‍ വിട്ടുനല്‍കി 2 വിക്കറ്റും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd June 2022, 7:44 pm

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ തേരോട്ടം. ക്രിക്കറ്റിന്റെ മക്കയില്‍ കിവി പടയെ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുന്ന പ്രകടനമാണ് ഇംഗ്ലീഷ് പട നടത്തിക്കൊണ്ടിരിക്കുന്നത്.

ഏറെനാളുകള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ജെയിംസ് ആന്‍ഡേഴ്‌സനാണ് ന്യൂസിലാന്‍ഡിന്റെ നട്ടെല്ലൊടിച്ചത്. 15 ഓവറില്‍ 55 റണ്‍സിന് നാല് വിക്കറ്റാണ് ജിമ്മി പിഴുതെടുത്തത്.

മാറ്റി പോട്‌സാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത അന്തകനായത്. 9.2 ഓവര്‍ എറിഞ്ഞ് 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് പോട്‌സ് സ്വന്തമാക്കിയത്. 4 മെയ്ഡിനുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

1.4 എക്കോണമിയില്‍ പന്തെറിഞ്ഞാണ് പോട്‌സ് തന്റെ കരുത്ത് കാട്ടിയത്. ബ്രോഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

മാറ്റി പോട്‌സ്

മറുവശത്ത് പൊരുതാന്‍ പോലുമാവാതെ തോല്‍വിക്കായി വെമ്പിനില്‍ക്കുന്ന കിവി പടയെയാണ് കാണാന്‍ സാധിക്കുന്നത്. ഐ.പി.എല്ലിലെന്ന പോലെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 22 പന്തില്‍ നിന്നും 2 റണ്‍സ് സ്വന്തമാക്കി തന്റെ പരാജയത്തിന്റെ പരമ്പര തുടരുകയാണ്.

കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമും ടിം സൗത്തിയിമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഗ്രാന്‍ഡ് ഹോം 35ഉം സൗത്തി 26 റണ്‍സുമാണ് സ്വന്തമാക്കിയത്.

ഡാരില്‍ മിച്ചലും ടോം ബ്ലണ്‍ഡലുമാണ് ന്യൂസിലാന്‍ഡിന് വേണ്ടി ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

നിലവില്‍ 39 ഓവര്‍ പിന്നിടുമ്പോള്‍ 127 റണ്‍സിന് 9 വിക്കറ്റ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്.

 

Content highlight: James Anderson picks 4 wickets in England – New Zealand 1st Test