വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂലൈ 10ന് ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍ ക്രിക്കറ്റ് ലോകം ഏറെ നിരാശയോടെയാണ് ഇരുവരും തമ്മിലുള്ള പരമ്പരയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ക്രിക്കറ്റ് ലെജന്‍ഡ് ജെയിംസ് ആന്‍ഡേഴ്സണിന്റെ അവസാന മത്സരത്തിനാണ് പരമ്പരയില്‍ ആരാധകര്‍ സാക്ഷ്യം വഹിക്കുക. ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം കളിച്ച് ആന്‍ഡേഴ്‌സണ്‍ മഹോജ്വലമായ തന്റെ കരിയറിനോട് വിടപറയും.
ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഐതിഹാസികമായ കരിയറിനാണ് ഇംഗ്ലണ്ടിന്റ എക്കാലത്തെയും മികച്ച ബൗളര്‍ വിടപറയാനൊരുങ്ങുന്നത്. ജൂലൈ 10നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഇതോടെ കരിയറിലെ 188ാം മത്സരത്തിനാണ് ആന്‍ഡേഴ്‌സണ്‍ ഒരുങ്ങുന്നത്. 2003ല്‍ കരിയര്‍ ആരംഭിച്ച താരം ഇതുവരെ ഇംഗ്ലണ്ടിനായി 348 ഇന്നിങ്‌സുകളില്‍ നിന്നുമായി 39,877 പന്തുകളെറിഞ്ഞിട്ടുണ്ട്.
2.79എക്കോണമിയിലും 26.52 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരം 700 ടെസ്റ്റ് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് ബൗളറും ആദ്യ പേസറുമാണ് ആന്‍ഡേഴ്‌സണ്‍. തന്റെ അവസാന ടെസ്റ്റിന് മുന്നോടിയായ പത്രസമ്മേളനത്തില്‍ സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍.
എന്നാല്‍ വെസ്റ്റ് ഇന്ഡീസിനെതിരെയുള്ള മത്സരത്തില്‍ ഐതിഹാസികമായ ഇരട്ട നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ലോക ടെസ്റ്റില്‍ 708 ടെസ്റ്റ് വിക്കറ്റുള്ള ഷെയ്ന്‍ വോണിനെ മറികടക്കാനാണ് ആന്‍ഡേഴ്‌സന് സാധിക്കുക. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വിക്കറ്റ് നേടിയാലും ആന്‍ഡേഴ്‌സനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ആന്‍ഡേഴ്‌സന് സാധിക്കുക. ഈ നേട്ടത്തില്‍ നിലവില്‍ രണ്ടാമതുള്ളത് മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവാണ്. 89 വിക്കറ്റാണ് കപില്‍ വിന്‍ഡീസിനെതിരെ സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുള്ള ഗ്ലെന്‍ മഗ്രാത്ത് 110 വിക്കറ്റുകളാണ് നേടിയത്. ആന്‍ഡേഴ്‌സന്‍ 87 വിക്കറ്റുമായി നിലവില്‍ മൂന്നാമതാണ്.