ഇന്ത്യയുടെ രണ്ട് വിക്കറ്റ് വീഴാന്‍ ഇന്ത്യന്‍ ആരാധകര്‍ പോലും ആഗ്രഹിക്കുന്ന നിമിഷം; ധര്‍മശാലയില്‍ ചരിത്രം പിറക്കുമോ?
Sports News
ഇന്ത്യയുടെ രണ്ട് വിക്കറ്റ് വീഴാന്‍ ഇന്ത്യന്‍ ആരാധകര്‍ പോലും ആഗ്രഹിക്കുന്ന നിമിഷം; ധര്‍മശാലയില്‍ ചരിത്രം പിറക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd March 2024, 9:39 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. ധര്‍മശാലയാണ് അഞ്ചാം ടെസ്റ്റിന് വേദിയാകുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 3-1ന് മുമ്പിലെത്തുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.

പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണെ ഒരു ഐതിഹാസിക നേട്ടമാണ് കാത്തിരിക്കുന്നത്. വെറും രണ്ട് വിക്കറ്റ് നേടിയാല്‍ ആന്‍ഡേഴ്‌സണ് ഈ നേട്ടം സ്വന്തമാക്കാം.

 

ടെസ്റ്റ് ഫോര്‍മാറ്റിലെ 700 വിക്കറ്റ് എന്ന ചരിത്ര നേട്ടമാണ് ആന്‍ഡേഴ്‌സണിന്റെ കയ്യകലത്തുള്ളത്. ധര്‍മശാലയില്‍ ആന്‍ഡേഴ്‌സണ്‍ ഈ നേട്ടം സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രണ്ട് വിക്കറ്റ് കൂടി തന്റെ പേരിന് നേരെ എഴുതിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് താരം എന്ന നേട്ടവും ആദ്യ പേസര്‍ എന്ന നേട്ടവും ആദ്യ ഇംഗ്ലണ്ട് താരം എന്ന നേട്ടവും ആന്‍ഡേഴ്‌സണിന്റെ പേരില്‍ കുറിക്കപ്പെടും.

സ്പിന്‍ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണും മാത്രമാണ് ഇതിന് മുമ്പ് 700 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയത്. മുരളീധരന്‍ കരിയറില്‍ 800 വിക്കറ്റ് നേടിയപ്പോള്‍ 708 വിക്കറ്റാണ് വോണിന്റെ സമ്പാദ്യം.

2003ല്‍ ലോര്‍ഡ്‌സില്‍ സിംബാബ്‌വേക്കെതിരെയായിരുന്നു ആന്‍ഡേഴ്‌സണിന്റെ അരങ്ങേറ്റ മത്സരം. ഒപ്പം കളിച്ചവരും ശേഷം ഇംഗ്ലണ്ട് ജേഴ്‌സിയണിഞ്ഞവരും വിരമിച്ചിട്ടും 2003ലെ അതേ ആവേശത്തിലാണ് ആന്‍ഡേഴ്‌സണ്‍ 21 വര്‍ഷങ്ങള്‍ക്കിപ്പുറവും പന്തെറിയുന്നത്.

 

ത്രീ ലയണ്‍സിനായി കളിച്ച 186 മത്സരത്തിലെ 347 ഇന്നിങ്‌സില്‍ നിന്നുമാണ് ആന്‍ഡേഴ്‌സണ്‍ 698 വിക്കറ്റ് നേടിയത്. 26.51 എന്ന ശരാശരിയിലും 56.9 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. 32 വീതം ഫൈഫറും ഫോര്‍ഫറും സ്വന്തമാക്കിയ ആന്‍ഡേഴ്‌സണ്‍ മൂന്ന് ടെന്‍ഫറും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

മാര്‍ച്ച് ഏഴിനാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരം.

 

Content highlight: James Anderson need 2 wickets complete 700 test wickets