റെക്കോഡുകള്‍ക്ക് ഇനി 10 വിക്കറ്റ് ദൂരം മാത്രം; ഇംഗ്ലണ്ടിന്റെ ഏകതാരം
Sports News
റെക്കോഡുകള്‍ക്ക് ഇനി 10 വിക്കറ്റ് ദൂരം മാത്രം; ഇംഗ്ലണ്ടിന്റെ ഏകതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th January 2024, 5:10 pm

ജനുവരി 25ന് ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം നടക്കാനിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ഹാരി ബ്രൂക്കിനും സ്പിന്‍ ബൗളര്‍ ഷോയിബ് ബഷീറിനും മത്സരത്തില്‍ നിന്നും പിന്‍വാങ്ങി നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു.

എന്നാല്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍ ജേമ്‌സ് ആന്‍ഡേഴ്‌സണെയും ആദ്യ ടെസ്റ്റ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും പരമ്പരയില്‍ നിന്നും ഇനി 10 വിക്കറ്റുകള്‍ കൂടെ നേടിയാല്‍ ആന്‍ഡേഴ്‌സണ് തന്റെ ടെസ്റ്റ് കരിയറിലെ 700 വിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് വന്നുചേരുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്നവരുടെ പട്ടികയില്‍ ആന്‍ഡേഴ്‌സണ്‍ മൂന്നാമതാണ്. 2003 മുതല്‍ 2023 വരെയുള്ള കരിയറില്‍ താരം 690 വിക്കറ്റുകളാണ് നേടിയത്.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ താരത്തിന്റെ രാജ്യം, താരം, എണ്ണം ന്നെ ക്രമത്തില്‍

ശ്രീലങ്ക – മുത്തയ്യ മുരളീധരന്‍ – 800

ഓസ്‌ട്രേലിയ – ഷേന്‍ വാണ്‍ – 708

ഇംഗ്ലണ്ട് – ജേമ്‌സ് ആന്‍ഡേഴ്‌സണ്‍ – 690

 

ഈ റെക്കോഡിന് പുറമെ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഏകതാരം എന്ന ബഹുമതിയും താരത്തിനുണ്ട്.

ഇപ്പോള്‍ ഇന്ത്യക്കെതിരെയുള്ള ഏഴാമത്തെ പര്യടനമാണ് 41കാരനായ ആന്‍ഡേഴ്‌സണ്‍ കളിക്കാനൊരുങ്ങുന്നത്. ഇന്ത്യയില്‍ 13 ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുത്ത താരം 2012ലെ പരമ്പരയില്‍ നിര്‍ണായക വിക്കറ്റുകള്‍ നേടി 2-1 പരമ്പര വിജയിക്കാനും സാധിച്ചു.

ഇന്ത്യയില്‍ കളിച്ച 13 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് 34 വിക്കറ്റുകള്‍ നേടാന്‍ താരത്തിന് സാധിച്ചിരുന്നു. 29 ശരാശരിയില്‍ മികച്ച പ്രകടനമാണ് ആന്‍ഡേഴ്‌സണ്‍ കാഴ്ച്ച വെച്ചത്.

ഇപ്പോള്‍ ടീമില്‍ വരുത്തിയ മാറ്റങ്ങള്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ ഇംഗ്ലണ്ട് പുറത്ത് വിട്ട ആദ്യ ടെസ്റ്റിനുള്ള ഇലവന്‍: സാക്ക് ക്രോളെയ്, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയ്ര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ബെന്‍ ഫോക്‌സ്, റിഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, ജാക്ക് ലീച്ച്, മാര്‍ക്ക് വുഡ്.

 

 

Content Highlight: James Anderson need 10 wickets in Tests for historic achievement