| Tuesday, 2nd July 2024, 7:02 pm

അണയുന്നതിന് മുമ്പ് ആളിക്കത്തി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് 42കാരന്റെ അഴിഞ്ഞാട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

ആരാധകര്‍ ഏറെ നിരാശയോടെയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിനായി കാത്തിരിക്കുന്നത്. ക്രിക്കറ്റ് ലെജന്‍ഡ് ജെയിംസ് ആന്‍ഡേഴ്സണിന്റെ അവസാന മത്സരത്തിനാണ് പരമ്പരയില്‍ ആരാധകര്‍ സാക്ഷ്യം വഹിക്കുക. ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം കളിച്ച് ആന്‍ഡേഴ്‌സണ്‍ മഹോജ്വലമായ തന്റെ കരിയറിനോട് വിടപറയും. തന്റെ കരിയറിയെ 188ാം ടെസ്റ്റിനാണ് താരം തയ്യാറെടുക്കുന്നത്.

എന്നാല്‍ വിടപറയല്‍ ടെസ്റ്റിന് മുമ്പേ ആന്‍ഡേഴ്‌സന്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ആറാടുകയാണ്. കൗണ്ടിയില്‍ ലങ്കാഷെയറിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. നോട്ടിങ്ഹാംഷെയറിന് എതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ പിഴുതെടുത്താണ് 42കാരനായ ആന്‍ഡേഴ്‌സന്‍ ആളിക്കത്തിയത്.

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ലങ്കാഷെയര്‍ 97 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 353 റണ്‍സായിരുന്നു നേടിയത്. നോട്ടിങ്ഹാംഷെയറിന്റെ ആദ്യ ഇന്നിങ്‌സ് പുരോഗമിക്കുകയാണ്. നിലവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സാണ് ടീം നേടിയത്. ലെഞ്ച് ബ്രേക്കിന് മുമ്പേ നോട്ടിങ്ഹാമിന്റെ ആറ് വിക്കറ്റുകള്‍ നേടിയാണ് ആന്‍ഡേഴ്‌സന്‍ അമ്പരപ്പിച്ചത്. താരത്തിന് പുറമെ ടോം ബെയ്‌ലി രണ്ട് വിക്കറ്റും നേടിയിട്ടുണ്ട്.

ആദ്യം ബാറ്റ് ചെയ്ത ലങ്കാഷെയറിന് വേണ്ടി ക്യാപ്റ്റന്‍ കീറ്റന്‍ ജെന്നിങ്‌സ് 183 റണ്‍സ് നേടിയത് പുറത്താകാതെയാണ്. ജോര്‍ജ് ബാള്‍ഡേഴ്‌സന്‍ 41 റണ്‍സും നേടി.

2003ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുകയും 700 വിക്കറ്റ് നേടുകയും ചെയ്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് താരം.

Content Highlight: James Anderson Great Performance In County Cricket

We use cookies to give you the best possible experience. Learn more