ഐ.സി.സി റാങ്കിങ്ങില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന് വമ്പന്‍ തിരിച്ചടി. ഏറ്റവും മികച്ച ടെസ്റ്റ് ബൗളര്‍ എന്ന സ്ഥാനത്ത് നിന്നും ഒറ്റയടിക്ക് രണ്ട് റാങ്ക് താഴേക്ക് വീണ് മൂന്നാം റാങ്കിലാണ് കമ്മിന്‍സിപ്പോള്‍
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച പേസറായ ജെയിംസ് ആന്‍ഡേഴണാണ് പുതുക്കിയ പട്ടികയിലെ ഒന്നാമന്‍. ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് പരമ്പരയിലെ മികച്ച ബൗളിങ് പ്രകടനമാണ് ആന്‍ഡേഴ്‌സണെ ഒന്നാം സ്ഥാനത്തെത്തിച്ചിരിക്കുന്നത്. 866 റേറ്റിങ്ങാണ് നിലവില്‍ ആന്‍ഡേഴസണുള്ളത്.
ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് പരമ്പരയില്‍ വിക്കറ്റ് നേടി തുടര്‍ച്ചയായ 20 വര്‍ഷങ്ങളില്‍ സ്ഥിരമായി വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ എന്ന ഖ്യാതിയും ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം ചേര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പെയര്‍ എന്ന റെക്കോഡും താരം സ്വന്തമാക്കിയിരുന്നു.
ഓസീസ് ലെജന്‍ഡുകളായ ഷെയ്ന്‍ വോണ്‍ – ഗ്ലെന്‍ മഗ്രാത്ത് ദ്വയത്തിന്റെ 1001 വിക്കറ്റ് എന്ന റെക്കോഡാണ് ബ്രോഡും ആന്‍ഡേഴ്‌സണും മറികടന്നത്. നിലവില്‍ 1009 ടെസ്റ്റ് വിക്കറ്റുകളാണ് ഈ പെയര്‍ സ്വന്തമാക്കിയത്.
റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ ആര്‍. അശ്വിനാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മിന്നുന്ന പ്രകടനമാണ് അശ്വിന് റാങ്കിങ്ങില്‍ തുണയായത്. ആദ്യ ടെസ്റ്റില്‍ നേടിയ എട്ട് വിക്കറ്റും രണ്ടാം ടെസ്റ്റില്‍ നേടിയ ആറ് വിക്കറ്റുമായാണ് അശ്വിന്‍ ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയില്‍ തരംഗമായത്.
ഒന്നാമതുള്ള ആന്‍ഡേഴ്‌സണെക്കാള്‍ രണ്ട് റേറ്റിങ് പോയിന്റ് മാത്രമാണ് അശ്വിന് കുറവുള്ളത്. റാങ്കില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് അശ്വിന്‍ രണ്ടാം സ്ഥാനത്തേക്കെത്തിയത്.
858 റേറ്റിങ്ങുമായാണ് പാറ്റ് കമ്മിന്‍സ് മൂന്നാം സ്ഥാനത്തേക്ക് വീണത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയാണ് കമ്മിന്‍സിന് തിരിച്ചടിയായിത്.
റാങ്കിങ്ങില്‍ വലിയ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ഒറ്റയടിക്ക് ആറ് സ്ഥാനം മെച്ചപ്പെടുത്തിയ ജഡേജ ഒമ്പതാം സ്ഥാനത്തേക്കെത്തിയത്. 763 റേറ്റിങ്ങാണ് ജഡേജക്കുള്ളത്. റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള പേസര്‍ ജസ്പ്രീത് ബുംറയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു ഇന്ത്യന്‍ താരം.
ഒല്ലി റോബിന്‍സണ്‍ (ഇംഗ്ലണ്ട്), ഷഹീന്‍ അഫ്രിദി (പാകിസ്ഥാന്‍). കഗീസോ റബാദ (സൗത്ത് ആഫ്രിക്ക), കൈല്‍ ജമെയ്‌സണ്‍ (ന്യൂസിലാന്‍ഡ്), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) എന്നിവരാണ് ആദ്യ പത്ത് റാങ്കില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.
(ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
Content highlight: James Anderson dethrones Pat Cummins from 1st rank in ICC test bowlers ranking