|

ഇങ്ങേര് കീഴടക്കാത്ത മണ്ണില്ല, കളത്തിലിറങ്ങും മുമ്പേ റെക്കോഡ്; ചരിത്രനേട്ടവുമായി ആന്‍ഡേഴ്‌സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തില്‍ ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 26 ഓവറില്‍ 100 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ എന്ന നിലയിലാണ്.

മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ വ്യത്യസ്ത 50 ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരം എന്ന നേട്ടമാണ് ജെയിംസ് ആന്‍ഡ് സ്വന്തമാക്കിയത്. 2003ല്‍ ടെസ്റ്റ് കരിയര്‍ ആരംഭിച്ച ജെയിംസ് ആന്‍ഡേഴ്‌സണ്‍ 187 ടെസ്റ്റ് മത്സരങ്ങളാണ് വ്യത്യസ്തമായ 50 ഗ്രൗണ്ടുകളില്‍ കളിച്ചത്. 347 ഇന്നിങ്‌സില്‍ നിന്നും 698 വിക്കറ്റുകളാണ് ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ നേടിയിട്ടുള്ളത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം ജോ റൂട്ട് ആണ്. ഇന്ത്യക്കെതിരെയുള്ള നാലാം ടെസ്റ്റില്‍ ആയിരുന്നു റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ 58 പന്തില്‍ 27 റണ്‍സ് നേടി ബെന്‍ ഡക്കെറ്റും 24 പന്തില്‍ 11 റണ്‍സുമായി ഒല്ലി പോപ്പുമാണ് പുറത്തായത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ഇംഗ്ലണ്ട് നിരയില്‍ സാക്ക് ക്രോളി അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. നിലവില്‍ 77 പന്തില്‍ 61 റണ്‍സുമായി സാക്ക് ക്രൊളിയും ഒരു പന്തില്‍ ഒരു റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍.

Content Highlight: James Anderson create a new record