മൂന്നാം ദിവസവും വേട്ടതുടർന്ന് ആന്‍ഡേഴ്‌സണ്‍; വീണ്ടും റെക്കോഡ്
Cricket
മൂന്നാം ദിവസവും വേട്ടതുടർന്ന് ആന്‍ഡേഴ്‌സണ്‍; വീണ്ടും റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th February 2024, 11:09 am

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്.

മത്സരത്തില്‍ 6.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 29 റണ്‍സില്‍ നില്‍ക്കേ നായകന്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യക്ക് ആദ്യമായി നഷ്ടമായത്. 21 പന്തില്‍ 13 റണ്‍സുമായാണ് രോഹിത് പുറത്തായത്. ജെയിംസ് അന്‍ഡേഴ്‌സന്റെ പന്തില്‍ ക്‌ളീന്‍ ബൗള്‍ഡ് ആവുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

8.3 ഓവറില്‍ യശസ്വി ജെയ്സ്വാളിന്റെ വിക്കറ്റും ജെയിംസ് സ്വന്തമാക്കി. 27 പന്തില്‍ 17 റണ്‍സുമായാണ് ജെയ്സ്വാള്‍ പുറത്തായത്. അന്‍ഡേഴ്‌സന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ജെയിംസ് ആന്റേഴ്‌സണ് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാം വിസിറ്റിങ് പേസര്‍ എന്ന നേട്ടമാണ് ജെയിംസ് സ്വന്തമാക്കിയത്. 39 വിക്കറ്റുകള്‍ ആണ് ഇന്ത്യക്കെതിരെ ആന്‍ഡേഴ്‌സണ്‍ നേടിയത്.

വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍ കോര്‍ട്ട്‌നീ വാല്‍ഷ് ആണ് ഇന്ത്യക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ വിസിറ്റിങ് പേസര്‍. 43 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സണ്‍ നേടിയത്.

ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 253 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മിന്നും പ്രകടനമാണ് പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. 15.5 ഓവറില്‍ അഞ്ച് മെയ്ഡന്‍ അടക്കം 45 റണ്‍സ് വിട്ടുകൊടുത്താണ് ബുംറ ആറ് വിക്കറ്റ് നേടിയത്. 2.84 എന്ന മിന്നും ഇക്കണോമിയിലാണ് ബുംറ പന്തെറിഞ്ഞത്.

ബുംറയെ കൂടാതെ സ്പിന്‍ മാന്ത്രികന്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ നേടി. 17 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 71 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ് മൂന്ന് വിക്കറ്റ് നേടിയത്. അക്‌സര്‍ പട്ടേല്‍ ശേഷിക്കുന്ന ഒരു വിക്കറ്റും സ്വന്തമാക്കി.

അതേസമയം നിലവിൽ 96-2 എന്ന നിലയിലാണ് ഇന്ത്യ. 52 പന്തിൽ 37 റൺസുമായി ശുഭ്മൻ ഗില്ലും 49 പന്തിൽ 29 റൺസുമായി ശ്രേയസ് അയ്യരുമാണ്‌ ക്രീസിൽ.

Content Highlight: James Anderson Continue his great form against india.