|

കഴിഞ്ഞിട്ടില്ല രാമാാാ...ക്രിക്കറ്റ് ലോകത്ത് തിരിച്ചെത്താന്‍ ഇംഗ്ലണ്ട് ഇതിഹാസം!

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചെത്തുന്നു. ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റില്‍ ലങ്കാ ഷെയറിന് വേണ്ടി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചിരിക്കുകയാണ് താരം. അടുത്തിടെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വലംകയ്യന്‍ പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇംഗ്ലണ്ട് ടീമിന്റെ ബൗളിങ് പരിശീലകനായി തുടരുകയായിരുന്നു താരം.

James Anderson

എന്നാല്‍ ഏപ്രില്‍ മാസത്തോടെ തുടങ്ങാനിരിക്കുന്ന കൗണ്ടി ക്രിക്കറ്റില്‍ തന്റെ മുന്‍ ക്ലബ്ബായ ലങ്കാഷെയറിന് വേണ്ടി കളിക്കാനൊരുങ്ങുകയാണെന്നും പരിശീലനത്തിനും മികച്ച ഫിറ്റ്‌നസ് നേടാനും തയ്യാറെടുക്കുകയാണെന്നും 42കാരനായ ഇതിഹാസ ബൗളര്‍ പറഞ്ഞു.

‘ലങ്കാഷെയറുമായി ഈ കരാര്‍ ഒപ്പിടുന്നതിലും അടുത്ത സീസണില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കുന്നത് പുനരാരംഭിക്കുന്നതിലും ഞാന്‍ ആവേശത്തിലാണ്. ഏപ്രിലില്‍ കൗണ്ടി സീസണ്‍ ആരംഭിക്കുമ്പോള്‍ പരിശീലനം നടത്തുക എന്ന ലക്ഷ്യത്തോടെ ഞാന്‍ എന്റെ ഫിറ്റ്നസ് ലെവലുകള്‍ ഉയര്‍ന്ന നിലയിലാക്കാനും ശീതകാലം മുഴുവന്‍ ഇംഗ്ലണ്ടിനൊപ്പം പരിശീലകനായി പ്രവര്‍ത്തിക്കുന്ന സമയത്ത് ബൗള്‍ ചെയ്യുന്നത് തുടരാനും കഠിനമായി പരിശ്രമിക്കും.

എന്റെ കൗമാരപ്രായം മുതല്‍ ഈ ക്ലബ്ബ് എന്റെ ജീവിതത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിനാല്‍ വീണ്ടും ചുവന്ന റോസ് ധരിക്കാനും, റെഡ് ബോളിലും വൈറ്റ് ബോളിലും ടീമിനെ സഹായിക്കുന്നതിനുള്ള അവസരം ലഭിക്കാന്‍ ഞാന്‍ ശരിക്കും കാത്തിരിക്കുകയാണ്,’ ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

ഇതിഹാസ ബൗളര്‍ ടെസ്റ്റിലെ 188 മത്സരത്തില്‍ നിന്ന് 704 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഏകദിനത്തില്‍ 194 മത്സരങ്ങളില്‍ നിന്ന് 269 വിക്കറ്റും ടി-20ഐയില്‍ 19 മത്സരത്തില്‍ നിന്ന് 18 വിക്കറ്റുകളുമാണ് ആന്‍ഡേഴ്‌സന്‍ നേടിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളറായ ശേഷമാണ് താരം ഇന്റര്‍നാഷണലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Content Highlight: James Anderson Comeback In County Cricket For Lancashire