| Friday, 12th July 2024, 9:22 am

അവസാന ടെസ്റ്റല്ലേ, ഈ റെക്കോഡ് ബാക്കിവെക്കാന്‍ സാധിക്കുമോ? ചരിത്രത്തിലെ ഒന്നാമനും നാലാമനുമായി ജിമ്മി

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിനാണ് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സ് വേദിയാകുന്നത്. ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണിന്റെ കരിയറിലെ അവസാന ടെസ്റ്റ് എന്ന നിലയിലാണ് ഈ മത്സരം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഈ ടെസ്റ്റിന് പിന്നാലെ ജിമ്മി അന്താരാഷ്ട്ര കരിയറിനോട് വിടപറയും.

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കൃത്യമായ അപ്പര്‍ഹാന്‍ഡാണ് ഇംഗ്ലണ്ടിനുള്ളത്. നിലവില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന വിന്‍ഡീസ് 171 റണ്‍സിന് പിന്നിലാണ്.

ആദ്യ ഇന്നിങ്സില്‍ സന്ദര്‍ശകരെ വെറും 121 റണ്‍സിന് എറിഞ്ഞിട്ടാണ് ഇംഗ്ലണ്ട് ലോര്‍ഡ്സ് പിടിച്ചടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. അരങ്ങേറ്റക്കാരന്‍ ഗസ് ആറ്റ്കിന്‍സണിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. അഞ്ച് മെയ്ഡന്‍ അടക്കം 12 ഓവര്‍ പന്തെറിഞ്ഞ താരം 45 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നേടി.

ജെയിംസ് ആന്‍ഡേഴ്സണ്‍, ക്രിസ് വോക്സ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്. 58 പന്തില്‍ 27 റണ്‍സ് നേടിയ മിഖൈല്‍ ലൂയിസാണ് ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അഞ്ച് അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ 371 റണ്‍സ് നേടി. സാക്ക് ക്രോളി (89 പന്തില്‍ 76), വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് (119 പന്തില്‍ 70), ജോ റൂട്ട് (114 പന്തില്‍ 68), ഒല്ലി പോപ്പ് (74 പന്തില്‍ 57), ഹാരി ബ്രൂക് (64 പന്തില്‍ 50) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്.

250 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്സ് കളത്തിലിറങ്ങിയ വിന്‍ഡീസിന് വീണ്ടും പിഴച്ചു. ഓപ്പണര്‍മാര്‍ അടക്കം നിരാശപ്പെടുത്തിയപ്പോള്‍ 79ന് 6 എന്ന നിലയിലാണ് ടീം രണ്ടാം ദിനം അവസാനിപ്പിച്ചത്.

ജെയിംസ് ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്റ്റോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി.

രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് മെയ്ഡന്‍ അടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞാണ് ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. വിട്ടുകൊടുത്തതാകട്ടെ വെറും 11 റണ്‍സും.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 40,000 പന്തുകളെറിഞ്ഞ താരമെന്ന ഐതിഹാസിക നേട്ടമാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്. കരിയറിലെ 188ാം മത്സരത്തിലാണ് ആന്‍ഡേഴ്‌സണ്‍ ഈ സ്വപ്‌ന നേട്ടത്തിലെത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ പേസറും നാലാമത് താരവുമാണ് ആന്‍ഡേഴ്‌സണ്‍.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം പന്തെറിഞ്ഞ താരങ്ങള്‍

(താരം – ടീം – മത്സരം – എറിഞ്ഞ പന്തുകള്‍ – ഓവര്‍ എന്നീ ക്രമത്തില്‍)

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക & ഐ.സി.സി – 133 – 44,039 – 7339.5

അനില്‍ കുംബ്ലെ – ഇന്ത്യ – 132 – 40850 – 6808.2

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 145 – 40,705 – 6784.1

ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – 188* – 40,001 – 6666.5

സ്റ്റുവര്‍ട്ട് ബ്രോഡ് – – ഇംഗ്ലണ്ട് – 167 – 33,698 – 5616.2

നഥാന്‍ ലയണ്‍ – ഓസ്‌ട്രേലിയ – 129 – 32,761 – 5460.1

കോട്‌നി വാല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ് – 132 – 30,0019 – 5003.1

അതേസമയം, ഇന്നിങ്സ് തോല്‍വി ഒഴിവാക്കാനുള്ള കഠിന ശ്രമത്തിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഇതിനായി നാല് വിക്കറ്റ് കയ്യിലിരിക്കെ 172 റണ്‍സ് കൂടിയാണ് വെസ്റ്റ് ഇന്‍ഡീസിന് ആവശ്യമുള്ളത്.

നിലവില്‍ 34.5 ഓവര്‍ പിന്നിടുമ്പോള്‍ 16 പന്തില്‍ എട്ട് റണ്‍സുമായി ജോഷ്വ ഡ സില്‍വയാണ് ക്രീസില്‍. അവസാന പന്തില്‍ വിന്‍ഡീസിന് ജേസണ്‍ ഹോള്‍ഡറിനെ നഷ്ടമായിരുന്നു. 59 പന്തില്‍ 20 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

Content highlight: James Anderson becomes the first pacer to bowl 40,000 deliveries in test cricket

Also Read: ഈ 46 കാരന്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയാണ്; ബോള്‍ എറിയാതെ നേടിയത് ഇതിഹാസനേട്ടം!

Also Read: വിന്‍ഡീസിനെതിരെ കൊടുങ്കാറ്റായി ഇംഗ്ലണ്ട്; ലോര്‍ഡ്‌സില്‍ പിറന്നത് അഞ്ച് അര്‍ധ സെഞ്ച്വറി!

Also Read: ഈ ടൂര്‍ണമെന്റ് എന്നെ ബുദ്ധിമുട്ടിച്ചു, ഫൈനലില്‍ എത്തിയതില്‍ സന്തോഷം; നിര്‍ണായക പ്രസ്താവനയുമായി മെസി

We use cookies to give you the best possible experience. Learn more