ആഷസ് ഒന്നാം ടെസ്റ്റിനിടെ ഫിറ്റ്‌നസ് പ്രശ്‌നം കാരണം കളി മതിയാക്കേണ്ടി വന്ന ജെയിംസ് ആന്‍ഡേഴ്‌സണ്‍ തിരിച്ചു വരുന്നു. കഴിഞ്ഞ ദിവസം ലങ്കാഷെയര്‍ സെക്കന്‍ഡ് ഇലവന് വേണ്ടി പന്തെറിയാന്‍ ഇറങ്ങിയ ആന്‍ഡേഴ്‌സണ്‍ ഇരുപതോവര്‍ എറിഞ്ഞാണ് ഫിറ്റ്‌നെസ് തെളിയിച്ചിരിക്കുന്നത്.
നാലം ടെസ്റ്റ് നടക്കുന്ന ഓള്‍ഡ്ട്രഫോര്‍ഡ് ആന്‍ഡേഴ്ണിന്റെ ഹോം ഗ്രൗണ്ടാണ്. സെപ്റ്റംബര്‍ നാലിനാണ് മത്സരം തുടങ്ങുന്നത്.
കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഒന്നാം ടെസ്റ്റില്‍ വെറും നാലോവര്‍ മാത്രം എറിഞ്ഞ് ആന്‍ഡേഴ്‌സണ് കളി മതിയാക്കേണ്ടി വന്നത്. ജൂണില്‍ കൗണ്ടി മത്സരത്തിനിടെ പരിക്കേറ്റ ആന്‍ഡേഴ്‌സണെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ആന്‍ഡേഴ്‌സണ് പകരം ജോഫ്ര ആര്‍ച്ചറെയാണ് ഇംഗ്ലണ്ട് ഇറക്കിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍ച്ചറെ ഇനി പുറത്തിരുത്താന്‍ വഴിയില്ല. പകരം ക്രിസ് വോക്ക്‌സിനെയായിരിക്കും ആന്‍ഡേഴ്‌സണ് പകരം മാറ്റുക.
ഇംഗ്ലണ്ടിനെ സംബന്ധിച്ചെടുത്തോളം ആഷസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്നായിരുന്നു മൂന്നാം ടെസ്റ്റിലേത്. ഒന്നാം ഇന്നിങ്സില്‍ വെറും 67 റണ്‍സിന് പുറത്തായി 112 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡും വഴങ്ങിയ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ മത്സരത്തിലെ തിരിച്ചുവരവ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇപ്പോള്‍ 1-1 ന് സമനിലയിലാണ്.