| Sunday, 19th February 2023, 10:21 am

പല പാര്‍ട്ണര്‍ഷിപ്പും കണ്ടുകാണും എന്നാല്‍ ആയിരം വിക്കറ്റ് പാര്‍ണര്‍ഷിപ്പ് അത്യപൂര്‍വമായിരിക്കും; ചരിത്രം കുറിച്ച് ജിമ്മിയും ബ്രോഡും

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും സക്‌സസ്ഫുള്ളായ ബൗളിങ് പെയറായി ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും. ടെസ്റ്റ് ഫോര്‍മാറ്റില്‍ 1009 വിക്കറ്റുകളാണ് ഇരുവരും ഒന്നിച്ച് നേടിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരം വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം പെയറാണ് ആന്‍ഡേസണ്‍ – ബ്രോഡ് കൂട്ടുകെട്ട്. ഓസീസ് ലെഡന്‍ഡുകളായ ഷെയ്ന്‍ വോണ്‍ – ഗ്ലെന്‍ മഗ്രാത്ത് കൂട്ടുകെട്ടാണ് ടെസ്റ്റില്‍ ആയിരം വിക്കറ്റ് തികച്ച മറ്റൊരു പെയര്‍. 1001 വിക്കറ്റുകളാണ് ഇരുവരും ചേര്‍ന്ന് ടെസ്റ്റ് ഫോര്‍മാറ്റില്‍ വീഴ്ത്തിയത്.

ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലാണ് ബ്രോഡും ആന്‍ഡേഴ്‌സണും ചേര്‍ന്ന് ഈ അത്യപൂര്‍വ നേട്ടത്തിലേക്ക് നടന്നുകയറിയത്. ബ്രോഡ് ന്യൂസിലാന്‍ഡിന്റെ നൈറ്റ് വാച്ച്മാന്‍ നീല്‍ വാഗ്നറിനെ പുറത്താക്കിയതോടെയാണ് ഈ ഡുവോ മില്ലേനിയം ക്ലബ്ബിലെത്തിയത്.

997 വിക്കറ്റുമായാണ് ഇരുവരും ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡേഴ്‌സണ്‍ 999 വിക്കറ്റ് എന്ന മാജിക്കല്‍ നമ്പറിലേക്ക് ഇരുവരെയും കൊണ്ടുചെന്നെത്തിച്ചു. കെയ്ന്‍ വില്യംസണും ഹെന്റി നിക്കോള്‍സുമായിരുന്നു ആന്‍ഡേഴ്‌സന്റെ ഇരകള്‍.

രണ്ടാം ദിവസത്തിലെ ആദ്യ സെഷനില്‍ തന്നെ ബ്രോഡ് നീല്‍ വാഗ്നറിനെ ഒല്ലി റോബിന്‍സണിന്റെ കൈകളിലെത്തിച്ച് ആയിരം വിക്കറ്റ് സ്വന്തമാക്കി. രണ്ടാം ദിവസത്തിന്റെ ഫൈനല്‍ സെഷനില്‍ ടോം ബ്ലണ്ടലിനെ പുറത്താക്കിയ ആന്‍ഡേഴ്‌സണിലൂടെ ഇരുവരും മഗ്രാത്ത് – വോണ്‍ കൂട്ടുകെട്ടിന്റെ റെക്കോഡിനൊപ്പവുമെത്തി.

രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീതം വീഴ്ത്തിയ ആന്‍ഡേഴ്‌സണും ബ്രോഡും ചേര്‍ന്ന് ഓസീസ് ലെജന്‍ഡുകളെ മറികടക്കുകയായിരുന്നു. 375 റണ്‍സ് ടാര്‍ഗെറ്റുമായി ഇറങ്ങിയ കിവികളെ ഇരുവരും ചേര്‍ന്ന് 126ല്‍ പുറത്താക്കി.

ടോം ലാഥം, ഡെവോണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, ടോം ബ്ലണ്ടല്‍ എന്നിവരെ ബ്രോഡ് പുറത്താക്കിയപ്പോള്‍ സ്‌കോട്ട് കഗ്ലിജന്‍, ടിം സൗത്തി, നീല്‍ വാഗ്നര്‍, ബ്ലയര്‍ ടിക്‌നര്‍ എന്നിവരെ ആന്‍ഡേഴ്‌സണും പുറത്താക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളിങ് പെയര്‍

(ബൗളിങ് പെയര്‍, രാജ്യം, കളിച്ച മത്സരം വിക്കറ്റ് എന്ന ക്രമത്തില്‍)

ജെയിംസ് ആന്‍ഡേഴ്‌സണ്‍ & സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 133 – 1009

ഷെയ്ന്‍ വോണ്‍ & ഗ്ലെന്‍ മഗ്രാത്ത് – ഓസ്‌ട്രേലിയ – 104 – 1001

മുത്തയ്യ മുരളീധരന്‍ & ചാമിന്ദ വാസ് – ശ്രീലങ്ക – 95 – 895

കര്‍ട്‌ലി ആംബ്രോസ് & കോട്‌നി വാല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ് – 95 – 762

മിച്ചല്‍ സ്റ്റാര്‍ക്ക് & നഥാന്‍ ലിയോണ്‍ – ഓസ്‌ട്രേലിയ – 73 – 580

വസീം അക്രം & വഖാര്‍ യൂനിസ് – പാകിസ്ഥാന്‍ – 61 – 559

Content highlight: James Anderson and Stuart broad becomes most successful bowling pair in test history

We use cookies to give you the best possible experience. Learn more