അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കും? ശക്തമായ മറുപടിയുമായി ആന്‍ഡേഴ്‌സണ്‍
Cricket
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കും? ശക്തമായ മറുപടിയുമായി ആന്‍ഡേഴ്‌സണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th July 2023, 1:02 pm

കരിയറില്‍ നിന്ന് എപ്പോള്‍ വിരമിക്കുമെന്നുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞത്. ബൗളിങ്ങില്‍ തനിക്ക് ഇപ്പോഴും ആത്മവിശ്വാസം ഉണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴും ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി ടെലഗ്രാഫിനോടാണ് ആന്‍ഡേഴ്‌സണ്‍ ഇക്കാര്യം പങ്കുവെച്ചത്.

2003ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ആന്‍ഡേഴ്സണ്‍ 700 ഓളം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളറും ആന്‍ഡേഴ്സനാണ്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസ് ബൗളറാണ് ആന്‍ഡേഴ്സണ്‍. എന്നാല്‍ നിലവില്‍ നടക്കുന്ന ആഷസില്‍ മോശം പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.

അടുത്ത ഞായറാഴ്ച 41 തികയുന്ന ആന്‍ഡേഴ്‌സണ്‍ ആഷസിലെ അവസാന മത്സരത്തിലും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ നാല് മത്സരം കഴിഞ്ഞപ്പോള്‍ 2-1ന് ഓസ്ട്രേലിയ മുന്നിട്ട് നില്‍ക്കുന്നുണ്ട്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന നാലാം മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. അഞ്ചാം മത്സരം വിജയിച്ച് പരമ്പര സമനിലയിലെത്തിക്കാനായിരിക്കും ഇംഗ്ലണ്ട് ശ്രമിക്കുക. എന്തായാലും കഴിഞ്ഞ ആഷസ് വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓസീസ് ആഷസ് നിലനിര്‍ത്തിയിട്ടുണ്ട്.

മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 76.75 ശരാശരിയില്‍ നാല് വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ആന്‍ഡേഴ്സണ്‍ പരമ്പരയില്‍ ഇതുവരെ വീഴ്ത്തിയത്. കാമറൂണ്‍ ഗ്രീനും ജോഷ് ടംഗും വിക്കറ്റ് പട്ടികയില്‍ അദ്ദേഹത്തേക്കാള്‍ മുന്നിലാണ്. ഇംഗ്ലണ്ട് ജയിച്ച ഹെഡിംഗ്ലിയിലെ മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു.

അവസാന ടെസ്റ്റില്‍ മാച്ച് വിന്നിങ് സംഭാവനയിലൂടെ ഇതുവരെയുള്ള തന്റെ പ്രകടനത്തിന് പകരം വയ്ക്കാന്‍ ആന്‍ഡേഴ്സണിപ്പോള്‍ അവസരമുണ്ട്. ഇംഗ്ലണ്ടിന് ഓവലില്‍ ജയിക്കേണ്ടതുണ്ട്, ഓസ്‌ട്രേലിയയില്‍ നിന്ന് ഷോ മോഷ്ടിക്കാന്‍ ആന്‍ഡേഴ്സനെക്കാള്‍ മികച്ചത് മറ്റാരുമില്ല.
ജുലൈ 27നാണ് ആഷസിലെ അഞ്ചമാത്തെയും അവസാനത്തെയും മത്സരം. ഓവലില്‍ വെച്ചാണ് മത്സരം നടക്കുക.

Content Highlights: James Anderson about retirement