ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളര്‍ എന്ന ചോദ്യത്തിന് ലോകം ഒരുമിച്ച് പറയുന്ന ഒറ്റ പേരാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. സ്വന്തം പ്രായത്തെപ്പോലും വകവെക്കാതെ ടെസ്റ്റില്‍ ചീറിപ്പായുന്ന ചീറ്റയെന്നും അദ്ദേഹത്തെ ഒരു മടിയും കൂടാതെ വിളിക്കാം. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ സീസണ്‍ അവസാനത്തോടെ 41കാരനായ ആന്‍ഡേഴ്‌സണ്‍ തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ ഇരിക്കുകയാണെന്നാണ്.
ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കെല്ലവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ആന്‍ഡേഴ്‌സണ്‍ തന്റെ കരിയറിന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചത്. 2002 ഡിസംബറില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ആന്‍ഡേഴ്‌സണ്‍ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പേസര്‍ക്ക് സാധിക്കുകയും ചെയ്തു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മത്സരത്തിന് ശേഷം നടക്കാനുള്ള ആഷസ് പരമ്പരക്ക് ശേഷം ആന്‍ഡേഴ്‌സന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും വിടവാങ്ങാന്‍ തീരുമാനിച്ചെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ 700 വിക്കറ്റ് തികയ്ക്കുന്ന ആദ്യ പേസറായി അദ്ദേഹം മാറിയിരുന്നു. ഷെയ്ന്‍ വോണിന്റെ 708 വിക്കറ്റുകളുടെ നേട്ടത്തിനടുത്താണ് ഇപ്പോള്‍ ആന്‍ഡേഴ്‌സന്‍.
ഇതുവരെ 187 ടെസ്റ്റ് മത്സരങ്ങളിലെ 348 ഇന്നിങ്‌സില്‍ നിന്ന് 700 വിക്കറ്റുകളാണ് ഇതിഹാസം വീഴ്ത്തിയത്. 26.53 ഏവറേജില്‍ നിന്ന് 32 ഫൈഫര്‍ വിക്കറ്റുകളും മൂന്ന് 10 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.