തിരുവനന്തപുരം: നിയമസഭയില്‍ വനിതാ എം.എല്‍.എമാര്‍ക്കെതിരെ നടന്ന ശാരീരിക ആക്രമണങ്ങളാണ് താന്‍ ശിവദാസന്‍ നായരെ കടിക്കുന്നതിലേക്കും പ്രതിപക്ഷ എം.എല്‍.എമാരില്‍ ചിലര്‍ സ്പീക്കറുടെ ഡയസ് തകര്‍ത്തതിലേക്കും എത്തിയതെന്ന് ചിത്രസഹിതം വിശദീകരിച്ച് ജമീല പ്രകാശം എം.എല്‍.എ.
മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തടയാന്‍ വേണ്ടിയാണ് താന്‍ ജമീല പ്രകാശത്തിന്റെ ശരീരത്തില്‍ പിടിച്ചുകൊണ്ട് അവരെ ആക്രമിച്ചതെന്ന ശിവദാസന്‍ നായര്‍ എം.എല്‍.എ യുടെ വാദം തെറ്റാണെന്ന് സ്ഥാപിക്കുന്നതാണ് ജമീല പ്രകാശം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിട്ട ചിത്രങ്ങള്‍.
മുഖ്യമന്ത്രിയ്ക്കു സമീപം പുറംതിരിഞ്ഞ് നില്‍ക്കുന്ന ജമീല പ്രകാശം അദ്ദേഹത്തിനു സമീപത്തേക്ക് വരികയോ അദ്ദേഹത്തിനുനേരെ നോക്കുകയോ ചെയ്യുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ജമീല പ്രകാശത്തിനു തൊട്ടടുത്തായി മന്ത്രി കെ.പി മോഹനനും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കസേരയില്‍ നിന്നും കുറച്ചകലെയായിരുന്നു ശിവദാസന്‍ നായര്‍ മോഹനനും ജമീലപ്രകാശത്തിനും ഇടയിലേക്ക് കയറാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ജമീല പ്രകാശത്തെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുമെന്നാണ് ചിത്രങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.
മുഖ്യമന്ത്രിക്കരികില്‍ നില്‍ക്കുകയായിരുന്ന ബിജിമോള്‍ എം.എല്‍.എയെ യാതൊരു പ്രകോപനവുമില്ലാതെ ഡൊമനിക് പ്രസന്റേഷന്‍ എം.എല്‍.എ ഉപദ്രവിച്ചതോടെയാണ് സംഘട്ടനം
തുടങ്ങുന്നത്. ഈ സാഹചര്യം മുതലെടുത്താണ് ശിവദാസന്‍ നായര്‍ എം.എല്‍.എ ജമീല പ്രകാശത്തിനടുത്തേക്കെത്തുന്നത്.
മുഖ്യമന്ത്രി ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് സഭയിലെ ദൃശ്യങ്ങള്‍ നമുക്കൊരുമിച്ച് ഇരുന്ന് കാണാമെന്നാണ്. മറിയാമ്മയേയും മക്കളേയും അടുത്തിരുത്തി മുഖ്യമന്ത്രി ഇതു കാണുമോയെന്നും ജമീല പ്രകാശം ചോദിക്കുന്നു.
ഒരു സ്ത്രീയ്ക്ക് താന്‍ ആക്രമിക്കപ്പെട്ടത് ഇത്തരത്തില്‍ വിശദീകരിക്കേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണെന്നും ജമീല പ്രകാശം പറഞ്ഞു.
ജമീല പ്രകാശത്തിന്റെ വിശദീകരണം
രാവിലെ 8.46 മുതല്‍ 8.48 വരെ നിയമസഭയില്‍ നടന്ന സംഭവങ്ങളാണ് എനിക്കെതിരെ പത്രദൃശ്യ മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിച്ചത്.
നിയമസഭ തുടങ്ങുന്ന സമയത്ത് മുഖ്യമന്ത്രിയുടെ സീറ്റിന് ഇടതുഭാഗത്തായി സാധാരണയായി മന്ത്രിമാര്‍ സഭയിലേക്ക് പ്രവേശിക്കുന്ന ഗേറ്റിനു സമീപം ഇരിക്കാനായിരുന്നു ഞങ്ങള്‍ കൂട്ടായെടുത്ത തീരുമാനം. അതുവഴി പ്രവേശിക്കുന്ന ധനമന്ത്രിയെ തടയുകയെന്നതായിരുന്നു ലക്ഷ്യം.
ഞാനും ബിജിമോളം മുഖ്യമന്ത്രിയുടെ സീറ്റിന് അരികിലാണുള്ളത്. കുറച്ചുദൂരെയായാണ് ബെന്നി ബെഹന്നാന്‍, ശിവദാസന്‍ നായര്‍, ഡോമനിക് പ്രസന്റേഷനുമുണ്ടായിരുന്നത്. എന്നെ തൊട്ടുപിറകില്‍ ബിജിമോളായിരുന്നു. ഞങ്ങള്‍ രണ്ടുപേരും മുഖ്യമന്ത്രി ഇരിക്കുന്ന ഭാഗത്തേക്കു പോലും നോക്കുന്നില്ല. അതിന് എതിരായിട്ടാണു നില്‍ക്കുന്നത്.
ഞാന്‍പൂര്‍ണമായും അങ്ങോട്ട് പുറം തിരഞ്ഞു നില്‍ക്കുകയാണ്. ഈ സമയത്ത് ഡൊമനിക് പ്രസന്റേഷന്‍ ബിജിമോളെ ഉപദ്രവിക്കാന്‍ തുടങ്ങുന്നു. ബിജിമോള്‍ നിലവിളിക്കുമ്പോള്‍ മുഖ്യമന്ത്രി ആ ഭാഗത്തേക്ക് നോക്കുന്നുണ്ട്. ബിജിമോള്‍ ആര്‍ത്ത് നിലവിളിക്കുകയാണ്. ബിജിമോള്‍ എന്റെ പുറത്തേക്ക് വീഴുന്നു. ഞാന്‍ വീഴാന്‍ പോകുന്നു. മുഖ്യമന്ത്രി ഇതെല്ലാം കാണുന്നുണ്ട്.
വീഴ്ചയ്ക്കിടെ ഞാന്‍ മുഖ്യമന്ത്രിയുടെ ഡെസ്‌കിന്റെ മുന്‍ഭാഗം പിടിക്കാന്‍ ശ്രമിക്കുന്നു. ഡെസ്‌കില്‍ എനിക്ക് പിടികിട്ടുന്നു. അവിടെനിന്നും ഞാന്‍ നിവരാന്‍ ശ്രമിക്കുന്നു.
മുഖ്യമന്ത്രിയ്ക്ക് സമീപം ആ സമയത്ത് കെ.പി മോഹനന്‍ ആണുള്ളത്. ഈ സമയത്ത് കുറച്ചകലെയായിരുന്ന ശിവദാസന്‍ നായര്‍ മോഹനനും ഞാനും നില്‍ക്കുന്നതിന് ഇടയിലേക്ക് കയറാന്‍ ശ്രമിക്കുന്നു. കൂടുതല്‍ കൂടുതല്‍ സ്ഥലമുണ്ടാക്കി എനിക്ക് പിറകില്‍ നിലയുറപ്പിക്കാന്‍ നോക്കുന്നു. ശിവദാസന്‍ നായര്‍ വലതുകൈമുട്ട് മടക്കി അതില്‍ നോക്കികൊണ്ട് ആ കൈ എന്റെ പിറകുവശത്തുകൂടി ഇടുപ്പിലേക്ക് പിടിക്കുന്നു.
അദ്ദേഹത്തിന്റെ വലതുകൈയും വലതുകാലും കൊണ്ട് എന്റെ ശരീരത്തില്‍ പിടിയുറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഇടത്തെ കൈകൊണ്ട് ശിവദാസന്‍ നായരുടെപ പിറകുവശത്ത് തള്ളി എന്നിലേക്ക് അടുപ്പിക്കുന്നു. ആ സമയത്ത് ബിജിമോള്‍ എന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗീതാ ഗോപിയും എന്നെ വിടാന്‍ വേണ്ടി അവരോട് ആവശ്യപ്പെടുന്നു. ഈ സമയത്ത് ബെന്നി ബെഹനാനും ഡൊമനിക് പ്രസന്റേഷന്‍ എം.എല്‍.എയും എന്നെ ആക്രമിക്കാന്‍ വേണ്ടി ആവശ്യപ്പെടുന്നു.
ശിവദാസന്‍ നായരോട് എന്നെ വിടൂ ശിവദാസാ എന്ന് ഞാന്‍ ആക്രോശിക്കുന്നുണ്ട്. വിട്ടില്ലെങ്കില്‍ ഞാന്‍ കടിക്കുമെന്നും പറഞ്ഞു. എന്നാ കടിക്കെടീ എന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ശിവദാസന്‍ നായരില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ഞാന്‍ എന്നെ പിടിച്ച വലതു കയ്യില്‍ കടിച്ചത്.
കടികഴിഞ്ഞിട്ടും ശിവദാസന്‍ നായര്‍ വിടുന്നില്ല. അവസാനം ഒരു വാച്ച് ആന്റ് വാര്‍ഡ് ആ ഭാഗത്തേക്കു വരുന്നു. അപ്പോള്‍ ഐഷാ പ്രകാശും ശിവദാസന്‍ നായരോട് കയര്‍ക്കുന്നു. കോടിയേരിയും കൈചൂണ്ടി സംസാരിക്കുന്നു. ഇ.പി ജയരാജനും കെ. അജിത്തുമൊക്കെ ഇതു കണ്ട് ക്രുധരാവുന്നു. വാച്ച് ആന്റ് വാര്‍ഡ് വന്നാണ് എന്നെ രക്ഷപ്പെടുത്തിയത്. ആ സമയത്തൊന്നും സ്പീക്കറുടെ ഡയസ് തകര്‍ക്കപ്പെട്ടിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകുന്നു.
എന്നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗീതാ ഗോപി താഴേക്കു വീഴുന്നു. വാച്ച് ആന്റ് വാര്‍ഡ് രക്ഷപ്പെടുത്തിയ ഞാന്‍ അവിടെ അല്പം മാറി നില്‍ക്കുന്നു.ഈ ഞാന്‍ എപ്പോഴാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്?
ഡൊമനിക് പ്രസന്റേഷനും, ശിവദാസന്‍ നായരും, ബെന്നി ബെഹനാനും ചേര്‍ന്ന് നടത്തിയ അതിക്രമത്തിന്റെ ഫലമാണ് സഭയില്‍ നടന്ന സംഭവങ്ങള്‍.
ഈ സംഭങ്ങള്‍ കണ്ട് രോഷാകുലരാവുകയായിരുന്നു ജയരാജന്‍ എം.എല്‍.എയും മറ്റും. അതിനുശേഷമാണ് ഡയസ് ആക്രമിക്കകുന്നത്്. സഭയില്‍ എന്നെ ചേച്ചിയെന്നു വിളിക്കുന്നവരാണ് അജിത്തും രാജേഷുമൊക്കെ. എന്നെ ഇത്രയും ചെയ്തതുകണ്ടപ്പോള്‍ അവര്‍ക്ക് ദേഷ്യം തോന്നയത് സ്വാഭാവികമാണ്. നിയമസഭയിലെ ഏറ്റവും പ്രായം ചെന്ന വനിതാ എം.എല്‍.എയാണ് ഞാന്‍.
ഈ സംഭവത്തിനുശേഷമാണ് ഇവര്‍ സ്പീക്കറുടെ ഡയസും കമ്പ്യൂട്ടറും കസേരയുമൊക്കെ വലിച്ചെറിയുന്നത്.
വാച്ച് ആന്റ് വാര്‍ഡിനെ ഞാന്‍ ആക്രമിച്ചുവെന്നു പറയുന്ന സംഭവം വിശദീകരിക്കാം. എന്റെ ഒരു കാലിന് ചില പ്രശ്‌നങ്ങളുണ്ട്. അതിനനുസരിച്ചുള്ള ചപ്പലാണ് ഞാന്‍ ധരിക്കുന്നത്. എന്റെ രണ്ടുകാലുകളിലും വാച്ച് ആന്റ് വാര്‍ഡ് ചവിട്ടി നിന്നപ്പോഴാണ് അവരോട് ഞാന്‍ പലവട്ടം കാല് വിട്ടുതരാന്‍ ആവശ്യപ്പെട്ടതാണ്. അതിനുശേഷമാണ് അങ്ങോട്ട് ബലം പ്രയോഗിച്ചത്. ഇതിനു ഒരു പത്രം ഞാന്‍ വാച്ച് ആന്റ് വാര്‍ഡിനെ വെട്ടിയെന്നെഴുതികണ്ടു. എന്റെ കയ്യില്‍ ഒരു ബ്ലെയ്ഡുപോലുമില്ല. പിന്നെങ്ങനെയാണ് ഞാന്‍ വാച്ച് ആന്റ് വാര്‍ഡിനെ വെട്ടുന്നത്.