ന്യുദല്‍ഹി: രാജ്യത്തെ പൗരന്മാരുടെ ജീവനുകള്‍ രക്ഷിക്കാന്‍ പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജംഇയത്ത് ഉലമായ ഹിന്ദ് പ്രസിഡന്റ്. പശുവിനെ ദേശീയ മൃഗമാക്കിയാല്‍ രാജ്യത്തെ ജനങ്ങള്‍ സുരക്ഷിതരാവുമെങ്കില്‍ അങ്ങനെ ചെയ്യണമെന്നാണ് ജംഇയത്ത് ഉലമായ ഹിന്ദ് പ്രസിഡന്റ് മൗലാന സഈദ് ഇര്‍ഷദ് മദനി ആവശ്യപ്പെട്ടത്.
രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരില്‍ നിരന്തരമായി നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇര്‍ഷദ് മദനിയുടെ പ്രസ്താവന. “ഗോരക്ഷകരുടെ നിരന്തരമായ അക്രമണത്തിന് അറുതി ഉണ്ടാവുമെങ്കില്‍ പശുവിനെ ദേശീയ മൃഗമായി അംഗീകരിക്കണം. ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണ്” മദനി പറഞ്ഞു.
“ഗോരക്ഷകര്‍ മതത്തിന്റെ പേര് പറഞ്ഞ് മനുഷ്യനെ ദ്രോഹിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ മതത്തെ ചൂഷണം ചെയ്യുന്നു. ഞങ്ങള്‍ ഹിന്ദു സഹോദരന്മാരുടെ മതവികാരത്തെ മാനിക്കുന്നു. എന്നാല്‍ നിയമം കയ്യിലെടുക്കുന്നതിനോട് യോജിക്കാനാവില്ല”. മദനി ഗോരക്ഷകര്‍ക്കെതിരെ തുറന്നടിച്ചു.
മുത്തലാഖിനെ കുറിച്ചുള്ള കാഴ്ചപ്പാടും അദ്ദേഹം വ്യക്തമാക്കി. മതപരമായ കാര്യങ്ങള്‍ക്ക് മതപരമായ പരിഹാരം വേണം. സുപ്രീം കോടതി ഇസ്ലാം പണ്ഡിതരോട് കൂടി ആലോചിച്ച് തീരുമാനമെടുക്കുന്നതാണ് നല്ലത്. സുപ്രീം കോടതി മുത്തലാഖ് വിഷയത്തില്‍ എടുക്കുന്ന തീരുമാനം അനുയോജ്യമാണെങ്കില്‍ അംഗീകരിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.