| Tuesday, 6th June 2023, 9:28 am

'ആ 37കാരനായ ഡിഫന്‍ഡറാണ് നേരിട്ടതില്‍ വെച്ച് ഏറ്റവും ശക്തനായ എതിരാളി'; വെളിപ്പെടുത്തി ജമാല്‍ മൂസിയാല

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറില്‍ താന്‍ നേരിട്ടവരില്‍ വെച്ച് ഏറ്റവും ശക്തനായ പ്രതിരോധ താരം മുന്‍ റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ആണെന്ന് ബയേണ്‍ മ്യൂണിക്ക് താരം ജമാല്‍ മൂസിയാല. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് 16ല്‍ ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയുമായി കൊമ്പുകോര്‍ത്തിരുന്നു. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്ക് വിജയിക്കുകയായിരുന്നു.

മത്സരത്തിലെ റാമോസിന്റെ പ്രകടനത്തില്‍ താന്‍ ആകൃഷ്ടനായിരുന്നെന്നും വളരെ മികച്ച രീതിയിലാണ് അദ്ദേഹം പ്രതിരോധിക്കാന്‍ ശ്രമിച്ചതെന്നും മൂസിയാല പറഞ്ഞു. ബയേണ്‍സ് വെബ്‌സൈറ്റിനോടാണ് മൂസിയാല ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മത്സരത്തില്‍ റാമോസ് പ്രതിരോധിച്ച രീതി കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വളരെ അവബോധം ഉള്ളയാളായിരുന്നു. മികച്ച രീതിയിലാണ് മത്സരം കൈകാര്യം ചെയ്തത്,’ മൂസിയാല പറഞ്ഞു.

കരിയറിന്റെ അവസാന ഘട്ടത്തില്‍ തന്റെ 37ാം വയസിലും റാമോസ് ഇത്തരത്തിലൊരു പ്രകടനം കാഴ്ചവെച്ചതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും മൂസിയാല പറഞ്ഞു. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന റാമോസ് 16 വര്‍ഷക്കാലം റയല്‍ മാഡ്രിഡില്‍ ചെലവഴിക്കുകയും ലോസ് ബ്ലാങ്കോസിനായി 671 മത്സരങ്ങളില്‍ ബൂട്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസമാണ് റാമോസ് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞത്. 2021ലാണ് റാമോസ് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ ജോയിന്‍ ചെയ്യുന്നത്. ആദ്യ സീസണില്‍ പരിക്കിന്റെ പിടിയിലായ റാമോസിന് 13 മത്സരങ്ങളില്‍ മാത്രമെ പങ്കെടുക്കാന്‍ സാധിച്ചിരുന്നുള്ളൂ.

പാരീസിയന്‍ ജേഴ്സിയില്‍ ഇതുവരെ 44 മത്സരങ്ങളിലാണ് റാമോസ് ബൂട്ടുകെട്ടിയിട്ടുള്ളത്. രണ്ട് ലീഗ് വണ്‍ ടൈറ്റിലുകളടക്കം പി.എസ്.ജിക്കായി മൂന്ന് ട്രോഫികള്‍ സ്വന്തമാക്കാനും താരത്തിന് സാധിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ റാമോസ് സ്പാനിഷ് ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സ്പെയിനിനായി 18 വര്‍ഷം ബൂട്ടുകെട്ടിയ റാമോസ് ടീമിന്റെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്.

ദേശീയ ജേഴ്സിയില്‍ 180 മത്സരങ്ങളാണ് താരം കളിച്ചത്. 2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ റാമോസ് അംഗമായിരുന്നു.

Content Highlights: Jamal Musiala praises Sergio Ramos

We use cookies to give you the best possible experience. Learn more