കരിയറില്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ചത് 37കാരന്‍; ഇതിഹാസത്തെ കുറിച്ച് ജമാല്‍ മൂസിയാല
Football
കരിയറില്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ചത് 37കാരന്‍; ഇതിഹാസത്തെ കുറിച്ച് ജമാല്‍ മൂസിയാല
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th October 2023, 3:22 pm

 

കരിയറില്‍ താന്‍ നേരിട്ടവരില്‍ വെച്ച് ഏറ്റവും ശക്തനായ പ്രതിരോധ താരം മുന്‍ റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ആണെന്ന് ബയേണ്‍ മ്യൂണിക്ക് താരം ജമാല്‍ മൂസിയാല. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് 16ല്‍ ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയുമായി കൊമ്പുകോര്‍ത്തിരുന്നു. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്ക് വിജയിക്കുകയായിരുന്നു.

മത്സരത്തിലെ റാമോസിന്റെ പ്രകടനത്തില്‍ താന്‍ ആകൃഷ്ടനായിരുന്നെന്നും വളരെ മികച്ച രീതിയിലാണ് അദ്ദേഹം പ്രതിരോധിക്കാന്‍ ശ്രമിച്ചതെന്നും മൂസിയാല പറഞ്ഞു. ബയേണ്‍സ് വെബ്സൈറ്റിനോടാണ് മൂസിയാല ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മത്സരത്തില്‍ റാമോസ് പ്രതിരോധിച്ച രീതി കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വളരെ അവബോധം ഉള്ളയാളായിരുന്നു. മികച്ച രീതിയിലാണ് മത്സരം കൈകാര്യം ചെയ്തത്,’ മൂസിയാല പറഞ്ഞു.

കരിയറിന്റെ അവസാന ഘട്ടത്തില്‍ തന്റെ 37ാം വയസിലും റാമോസ് ഇത്തരത്തിലൊരു പ്രകടനം കാഴ്ചവെച്ചതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും മൂസിയാല പറഞ്ഞു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന റാമോസ് 16 വര്‍ഷക്കാലം റയല്‍ മാഡ്രിഡില്‍ ചെലവഴിക്കുകയും ലോസ് ബ്ലാങ്കോസിനായി 671 മത്സരങ്ങളില്‍ ബൂട്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, 18 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പഴയ തട്ടകമായ സെവിയ്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റാമോസ്. 2005ലാണ് റാമോസ് സെവിയ്യയില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്.

16 വര്‍ഷങ്ങള്‍ക്ക് ശേഷം റയല്‍ മാഡ്രിഡില്‍ നിന്നും 2021 ലാണ് താരം ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ ചേരുന്നത്. സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദ് റാമോസിനായി രംഗത്തുണ്ടായിരുന്നു. ടര്‍ക്കിഷ് സൂപ്പര്‍ ലീഗ് ക്ലബ്ബുകളും ഈ 37കാരനായി ശ്രമം നടത്തിയിരുന്നു.

എന്നാല്‍ ആ ഓഫറുകളെല്ലാം നിരസിച്ചുകൊണ്ടാണ് താരം പഴയ ക്ലബ്ബിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.

Content Highlights: Jamal Musiala on his toughest opponent