റൊണാൾഡോ, റൂണി...ലെജന്റ്സ് അടക്കിവാഴുന്ന ലിസ്റ്റിലേക്ക് അടിച്ചുകയറി ജർമൻ സൂപ്പർ താരം
Football
റൊണാൾഡോ, റൂണി...ലെജന്റ്സ് അടക്കിവാഴുന്ന ലിസ്റ്റിലേക്ക് അടിച്ചുകയറി ജർമൻ സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th June 2024, 9:18 am

2024 യൂറോകപ്പില്‍ വിജയകുതിപ്പ് തുടര്‍ന്ന് ആതിഥേയരായ ജര്‍മനി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഹംഗറിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി പരാജയപ്പെടുത്തിയത്. ഈ വിജയത്തിന് പിന്നാലെ ഈ യൂറോകപ്പിലെ അണ്ടര്‍ 16ലേക്ക് മുന്നേറുന്ന ആദ്യ ടീമായി മാറാനും ജര്‍മനിക്ക് സാധിച്ചു.

മത്സരത്തില്‍ ജര്‍മനിക്കായി യുവതാരം ജമാല്‍ മുസിയാലയും ക്യാപ്റ്റന്‍ ഇക്കായ് ഗുണ്ടോഗനുമാണ് ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ 22ാം മിനിട്ടില്‍ ആയിരുന്നു മുസിയാല ജര്‍മനിക്കായി ആദ്യ ഗോള്‍ നേടിയത്. ടൂര്‍ണമെന്റിലെ താരത്തിന്റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്. സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള ആദ്യ മത്സരത്തിലും മുസിയാല ജര്‍മനിക്കായി ഗോള്‍ നേടിയിരുന്നു.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടത്തിലേക്കാണ് മുസിയാല നടന്നുകയറിയത്. യൂറോ കപ്പില്‍ 21ാം വയസില്‍ രണ്ട് ഗോളുകള്‍ നേടുന്ന അഞ്ചാമത്തെ താരമായി മാറാനാണ് മുസിയാലക്ക് സാധിച്ചത്.

ഇതിനുമുമ്പ് ഈ നേട്ടത്തില്‍ എത്തിയത് ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വെയ്ന്‍ റൂണി, ഫെറെങ്ക് ബെന്‍സെ, മൈക്കല്‍ ഡാംമ്‌സ്വാര്‍ഡ് എന്നിവരാണ്. ഈ നാല് താരങ്ങള്‍ മാത്രമാണ് യൂറോകപ്പിന്റെ ചരിത്രത്തില്‍ 21ാം വയസില്‍ രണ്ട് ഗോളുകള്‍ നേടിയിട്ടുള്ളത്.

ഇപ്പോള്‍ ഹംഗറിയുടെ വലകുലുക്കിയതോടെ മുസിയാലയും ഈ ഇതിഹാസങ്ങളുടെ റെക്കോഡിനൊപ്പം തന്റെ പേരും എഴുതിച്ചേര്‍ത്തിരിക്കുകയാണ്.

മുസിയാലക്ക് പുറമേ രണ്ടാം പകുതിയില്‍ 67ാം മിനിട്ടില്‍ ക്യാപ്റ്റന്‍ ഗുണ്ടോഗനും ലക്ഷ്യം കണ്ടതോടെ ജര്‍മനി മത്സരം പൂര്‍ണമായും സ്വന്തമാക്കുകയായിരുന്നു. ജര്‍മനിയുടെ ഗോള്‍ വലയ്ക്ക് മുന്നില്‍ ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയര്‍ നടത്തിയ തകര്‍പ്പന്‍ സേവുകളും മത്സരത്തില്‍ ശ്രേദ്ധേയമായി.

മത്സരത്തില്‍ 70 ശതമാനം ബോള്‍ പോസഷന്‍ ആതിഥേയരുടെ അടുത്തായിരുന്നു. 19 ഷോട്ടുകളാണ് ഹംഗറിയുടെ പോസ്റ്റിലേക്ക് ജര്‍മന്‍ പട ഉതിര്‍ത്തത്. ഇതില്‍ എഴെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 11 ഷോട്ടുകളാണ് ഹംഗറി നേടിയത് ഇതില്‍ നാലെണ്ണമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചത്.

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ജര്‍മനി. മറുഭാഗത്ത് രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഹംഗറി അവസാന സ്ഥാനത്തുമാണ്.

ജൂണ്‍ 24ന് സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെയാണ് ജര്‍മനിയുടെ അടുത്ത മത്സരം. അന്നേദിവസം നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് ഹംഗറിയുടെ എതിരാളികള്‍.

Content Highlight: Jamal Musiala Great Record in Euro Cup