| Thursday, 14th September 2023, 11:35 am

ആരാധാനാപാത്രം മെസിയും റൊണാള്‍ഡീഞ്ഞോയുമെന്ന് ബയേണ്‍ സൂപ്പര്‍ താരം; സര്‍പ്രൈസ് ഉത്തരത്തില്‍ ആവേശമടക്കാനാകാതെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ ചൈല്‍ഡ്ഹുഡ് ഐഡലുകള്‍ ബാഴ്‌സലോണ ഇതിഹാസങ്ങളായ റൊണാള്‍ഡീഞ്ഞോയും ലയണല്‍ മെസിയുമാണെന്ന് ബയേണ്‍ മ്യൂണിക്കിന്റെ വണ്ടര്‍ കിഡ് ജമാല്‍ മുസിയാല. ബയേണ്‍ മ്യൂണിക് പങ്കുവെച്ച വീഡിയിയാലണ് മുസിയാല തന്റെ ഇഷ്ട താരങ്ങളെ കുറിച്ച് പറഞ്ഞത്.

തങ്ങള്‍ക്കിഷ്ടപ്പെട്ട സംഭവങ്ങളെ കുറിച്ചും ആളുകളെ കുറിച്ചുമെല്ലാം ബയേണ്‍ താരങ്ങള്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇഷ്ട ഭക്ഷണം, ഇഷ്ടപ്പെട്ട ടി.വി സീരീസ്, വാം അപ് ചെയ്യുന്നതിനിടെ കേള്‍ക്കാനിഷ്ടപ്പെടുന്ന പാട്ട് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. അതിലൊന്നായിരുന്നു ചൈല്‍ഡ്ഹുഡ് ഐഡല്‍ ആരാണ് എന്നുള്ളത്.

മത്തിയാസ് ഡി ലിറ്റ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന് ഉത്തരം നല്‍കിയപ്പോള്‍ സാവിയെന്നായിരുന്നു ജോഷ്വാ കിമിച്ചിന്റെ മറുപടി. സിദാന്റെ പേരും പല താരങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

ഈ ചോദ്യം മുസിയാലയിലെത്തിയപ്പോള്‍ ഒരാളുടെ പേരിന് പകരം ‘ലയണല്‍ മെസിയും റൊണാള്‍ഡീഞ്ഞോയും’ എന്നായിരുന്നു 20കാരന്റെ മറുപടി.

താരത്തിന്റെ മറുപടി ആഘോഷമാക്കുകയാണ് ബാഴ്‌സലോണ ആരാധകര്‍. മുസിയാല ഒരിക്കല്‍ ബാഴ്‌സയിലെത്തുമെന്നും ലോകത്തിലെ മികച്ച താരങ്ങളുടെയെല്ലാം ഇഷ്ടതാരം മെസിയാണെന്നും ആരാധകര്‍ പറയുന്നുണ്ട്.

അതേസമയം, ബുണ്ടസ് ലീഗയില്‍ പോയിന്റ് പട്ടികയില്‍ ബയേര്‍ ലെവര്‍കൂസന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച മ്യൂണിക്കിനും ലെവര്‍കൂസനും ഒമ്പത് പോയിന്റ് വീതമാണുള്ളത്. ഗോള്‍ വ്യത്യാസമാണ് ഇരുവരും ഒന്നും രണ്ടും സ്ഥാനത്ത് എത്താന്‍ കാരണമായത്.

സീസണിലെ ആദ്യ മത്സരത്തില്‍ വെര്‍ഡറിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് വിജയിച്ച ബയേണ്‍ മ്യൂണിക്, ഓഗ്‌സ്‌ബെര്‍ഗിനോട് ഒന്നിനെതിരെ മൂന്ന് ഗോളിനും ബൊറൂസിയ മന്‍ചന്‍ഗ്ലാഡ്ബാക്കിനോട് ഒന്നിനെതിരെ രണ്ട് ഗോളിനും വിജയിച്ചിരുന്നു.

സെപ്റ്റംബര്‍ 16ന് ബയേര്‍ ലെവര്‍കൂസനെതിരെയാണ് ബയേണ്‍ മ്യൂണിക്കിന്റെ അടുത്ത മത്സരം. ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് അരീനയാണ് വേദി.

Content highlight: Jamal Musiala about his idols

We use cookies to give you the best possible experience. Learn more