ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ സൗദിയുടെ ഒളിച്ചുകളി അനുവദിക്കില്ലെന്ന് തുര്‍ക്കി. ഖഷോഗ്ജി മല്‍പ്പിടുത്തത്തില്‍ കൊല്ലപ്പെട്ടുവെന്ന സൗദിയുടെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു തുര്‍ക്കി ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി വക്താവ് നുമാന്‍ കുര്‍ത്തുല്‍മസ്.
ഖഷോഗ്ജിയുടെ കൊലപാതകം സംബന്ധിച്ചിട്ടുള്ള തുര്‍ക്കിയുടെ പക്കലുള്ള തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും ജസ്റ്റിസ് പാര്‍ട്ടി വക്താവ് പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് ഖഷോഗ്ജിയെ കൊലപ്പെടുത്തിയെന്നും മൃതശരീരം കഷ്ണങ്ങളാക്കിയെന്നുമാണ് തുര്‍ക്കിയുടെ കണ്ടെത്തല്‍.
സൗദിയുടെ ഈ നീചകൃത്യത്തിന് തങ്ങളുടെ പക്കല്‍ വീഡിയോ-ഓഡിയോ ദൃശ്യങ്ങളുണ്ടെന്നും ഒരു മുതിര്‍ന്ന തുര്‍ക്കി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഖഷോഗ്ജിയുടെ തിരോധാനത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞിരുന്ന സൗദി ഇന്നാണ് സത്യം സമ്മതിച്ചത്. കോണ്‍സുലേറ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായുള്ള കയ്യാങ്കളിക്ക് ശേഷം ഖഷോഗ്ജി കൊല്ലപ്പെട്ടെന്നാണ് സൗദി അറ്റോണി ജനറല്‍ അറിയിച്ചത്. സംഭവത്തില്‍ സൗദി അറേബ്യ ഉന്നത ഉദ്യോഗസ്ഥരടക്കം 18 പേരെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തലവനേയും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവിനേയും സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തിരുന്നു.