ഖഷോഗ്ജി എത്തിയ ശേഷം ഓവന്‍ കത്തിക്കാന്‍ ആവശ്യപ്പെട്ടു, പൂന്തോട്ടത്തിനു ചുറ്റും മാംസക്കഷ്ണങ്ങള്‍; കോടതിയില്‍ കോണ്‍സുലേറ്റ് ജീവനക്കാരന്‍
World News
ഖഷോഗ്ജി എത്തിയ ശേഷം ഓവന്‍ കത്തിക്കാന്‍ ആവശ്യപ്പെട്ടു, പൂന്തോട്ടത്തിനു ചുറ്റും മാംസക്കഷ്ണങ്ങള്‍; കോടതിയില്‍ കോണ്‍സുലേറ്റ് ജീവനക്കാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th July 2020, 8:21 am

അങ്കാര: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തിലെ പ്രതികളുടെ വിചാരണ തുര്‍ക്കി കോടതിയില്‍ ആരംഭിച്ചിരിക്കവെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

ഖഷോഗ്ജി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയതിനു പിന്നാലെ തന്നോട് ഓവന്‍ കത്തിച്ചു വെക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് കോണ്‍സുലേറ്റിലെ ജീവനക്കാരന്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്.

കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സെകി ഡെമിര്‍ എന്ന ടെക്‌നീഷ്യനാണ് തെളിവുകള്‍ നല്‍കിയത്. ഖഷോഗ്ജി കോണ്‍സുലേറ്റില്‍ എത്തിയതിനു പിന്നാലെ തന്നെ കോണ്‍സുല്‍ വസതിയിലേക്ക് വിളിപ്പിച്ചതായി ഇദ്ദേഹം പറയുന്നു.

‘ അവിടെ അഞ്ചോ ആറോ പേരുണ്ടായിരുന്നു. അവര്‍ എന്നോട് ഓവന്‍ കത്തിക്കാന്‍ ആവശ്യപ്പെട്ടു. പരിഭാന്ത്രിയുടെ അന്തരീക്ഷമായിരുന്നു അവിടെ,’ സെകി ഡെമിര്‍ പറഞ്ഞു.

കോണ്‍സുലേറ്റ് ജീവനക്കാരന്റെ സാക്ഷ്യമനുസരിച്ച് കോണ്‍സുലേറ്റിലെ പൂന്തോട്ടത്തില്‍ ഓവന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ പൂന്തോട്ടത്തില്‍ മാംസക്കഷ്ണങ്ങള്‍ കണ്ടിട്ടുണ്ട്.

അടുപ്പിന് ചുറ്റുമുള്ള മാര്‍ബിള്‍ സ്ലാബുകള്‍ ഒരു രാസവസ്തു ഉപയോഗിച്ച് വൃത്തിയാക്കിയതുപോലെ നിറം മാറിയതായി കുറ്റപത്രത്തിലുണ്ട്.

ഇരുണ്ട വിന്‍ഡോയില്‍  ഒരു കാറ് ഈ സമയത്ത് അവിടെ എത്തിയിരുന്നു. കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഗാരേജ് ഡോര്‍ തുറന്നു കൊടുക്കാന്‍ കോണ്‍സുലേറ്റ് ജീവനക്കാരന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തോട് പെട്ടന്ന് തന്നെ പൂന്തോട്ടം വിട്ടുപോവാനാണ് ഇവര്‍ നിര്‍ദ്ദേശിച്ചത്.

2018 ല്‍ ഈ കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിനു ശേഷം ഖഷോഗ്ജിയെ ആരും കണ്ടിട്ടില്ല. തന്റെ നടക്കാനിരുന്ന വിവാഹവുമായി ബന്ധപ്പെട്ട് പേപ്പറുകള്‍ ശരിയാക്കാന്‍ വന്നതായിരുന്നു ഖഷോഗ്ജി.

വെള്ളിയാഴ്ചയാണ് തുര്‍ക്കി കോടതിയില്‍ കഷോഗ്ജിയുടെ വധത്തിലെ വിചാരണ തുടങ്ങിയത്. ഇസ്താബൂള്‍ കോടതിയില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് വിചാരണ തുടങ്ങിയത്.ഖഷോഗ്ജി വധക്കേസിലെ 20 പേരെയാണ് വിചാരണ ചെയ്യുന്നത്.

ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ മാര്‍ച്ചില്‍ 20 സൗദി പൗരന്‍മാര്‍ക്ക് നേരെ തുര്‍ക്കി പ്രോസിക്യൂട്ടര്‍ കുറ്റം ചുമത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹായികളായിരുന്ന രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നു.

സൗദി അറേബ്യയുടെ മുന്‍ ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹമ്മദ് അല്‍ അസീരി, ഖഷോഗ്ജിയുടെ കൊലപാതകത്തിനായി ഒരു സംഘമുണ്ടാക്കുകയും കൊലയ്ക്ക് പദ്ധതിയിടുകയുമായിരുന്നെന്നാണ് കുറ്റപത്രത്തിലുള്ളത്. കൊലപാതകത്തില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സൗദി ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികളില്‍ ഭൂരിഭാഗവും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ അഞ്ച് പേരെ സൗദി കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു.

നേരത്തെ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഖഷോഗ്ജിയുടെ കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് സി.ഐ.എ റിപ്പോര്‍ട്ട് വന്നിരുന്നു. സൗദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടെഴുതിയതാണ് ഖഷോഗ്ജിയുടെ വധത്തിന് കാരണമെന്ന് സി.ഐ.എ വ്യക്തമാക്കിയിരുന്നു. സൗദി സര്‍ക്കാരിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നാണ് ജമാല്‍ ഖഷോഗ്ജിയെ കൊലചെയ്യാനുള്ള ഉത്തരവിട്ടതെന്ന് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാനും ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ