| Monday, 22nd November 2021, 9:36 am

കൊലപാതകികള്‍ക്ക് വേണ്ടി പാടരുത്, എം.ബി.എസിന് വേണ്ടി പ്രവര്‍ത്തിക്കരുത്; സൗദിയിലെ മ്യൂസിക് ഷോ റദ്ദാക്കണമെന്ന് ജസ്റ്റിന്‍ ബീബറോട് ഖഷോഗിയുടെ പ്രതിശ്രുതവധു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: പോപ് സ്റ്റാര്‍ ജസ്റ്റിന്‍ ബീബറിനോട് സൗദി അറേബ്യയിലെ സംഗീത പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൗദി ഭരണകൂടം കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാതിസ് സെന്‍ഗിസ്.

അടുത്തമാസം സൗദിയില്‍ നടക്കാനിരിക്കുന്ന ബീബറിന്റെ കണ്‍സേര്‍ട്ട് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സെന്‍ഗിസ് ബീബറിന് തുറന്ന കത്തെഴുതുകയായിരുന്നു. സൗദിയിലെ ജിദ്ദയില്‍ നടക്കാനിരിക്കുന്ന രാജ്യത്തെ ആദ്യ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിക്‌സിന്റെ ഭാഗമായാണ് സംഗീതപരിപാടി നടക്കാനിരിക്കുന്നത്.

പരിപാടി റദ്ദ് ചെയ്ത് കൊണ്ട് ശക്തമായ സന്ദേശം നല്‍കണമെന്നാണ് കത്തിലൂടെ സെന്‍ഗിസ് ബീബറിനോട് ആവശ്യപ്പെടുന്നത്. ”എന്റെ പ്രിയപ്പെട്ട ജമാലിന്റെ കൊലപാതകികള്‍ക്ക് വേണ്ടി പാട്ട് പാടരുത്. അദ്ദേഹത്തിന്‍റെ കൊലപാതകി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ തുറന്ന് സംസാരിക്കൂ. നിങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ഇവിടെ ലക്ഷക്കണക്കിനാളുകളുണ്ട്,” കത്തില്‍ പറയുന്നു.

വിമര്‍ശകരെ കൊന്നൊടുക്കുന്ന ഒരു ഭരണകൂടത്തിന് ഖ്യാതിയുണ്ടാക്കാന്‍ വേണ്ടി സ്വന്തം പേരും കഴിവും ഉപയോഗിക്കില്ല എന്ന് ഉറപ്പുവരുത്താന്‍ ബീബറിന് ലഭിക്കുന്ന വിശേഷാവസരമാണ് ഇതെന്നും കത്തില്‍ പറയുന്നു.

ഏകാധിപതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും പണത്തിനേക്കാള്‍ സ്വാതന്ത്ര്യത്തിനും നീതിയ്ക്കും പ്രധാന്യം കൊടുക്കുന്നെന്നും ബീബര്‍ ഉറക്കെ പറയണമെന്നും സെന്‍ഗിസ് ആവശ്യപ്പെടുന്നു.

തുര്‍ക്കി പൗരയായ ഹാതിസ് സെന്‍ഗിസ് റിസര്‍ച്ച് സ്‌കോളറും ആക്ടിവിസ്റ്റുമാണ്. കത്ത് വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡിസംബര്‍ അഞ്ചിനാണ് സൗദിയില്‍ ബീബറിന്റെ പരിപാടി നടക്കാനിരിക്കുന്നത്. അമേരിക്കന്‍ ഗായകന്‍ ജേസണ്‍ ഡെറുലൊ, ഫ്രഞ്ച് ഡി.ജെ ഡേവിഡ് ഗ്വെറ്റ എന്നിവരുടെ സംഗീത ഷോകളും പരിപാടിയുടെ ഭാഗമായുണ്ട്.

സൗദി ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ഈ സംഗീതനിശ നടത്തുന്നതെന്നും ഗായകര്‍ പരിപാടിയില്‍ നിന്നും പിന്മാറണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് മുമ്പും സൗദിയില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാനിരുന്ന നിരവധി ഗായകര്‍ക്ക് പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്.

സൗദി അറേബ്യന്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ അഹ്മദ് ഖഷോഗിയെ 2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഖഷോഗിയും സെന്‍ഗിസും തമ്മിലുള്ള വിവാഹത്തിന്റെ രേഖകള്‍ വാങ്ങുന്നതിനായായിരുന്നു അദ്ദേഹം കോണ്‍സുലേറ്റിലെത്തിയത്.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏര്‍പ്പെടുത്തിയ ആളുകളായിരുന്നു ഖഷോഗിയെ വധിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനേയും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനേയും നിരന്തരം വിമര്‍ശിക്കുകയും സൗദിയുടെ യമന്‍ ഇടപെടലിനെ എതിര്‍ക്കുകയും ചെയ്തിരുന്നയാളായിരുന്നു ഖഷോഗി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jamal Khashoggi’s fiancée urges Justin Bieber to cancel music performance in Saudi

We use cookies to give you the best possible experience. Learn more