മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരു കൊലപാതകി തന്നെയാണ്; ഖഷോഗ്ജിയുടെ പ്രതിശ്രുത വധു ഹാതിസ് സെന്‍ഗിസ്
World News
മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരു കൊലപാതകി തന്നെയാണ്; ഖഷോഗ്ജിയുടെ പ്രതിശ്രുത വധു ഹാതിസ് സെന്‍ഗിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd June 2022, 8:01 am

ഇസ്താംബൂള്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരു ‘കൊലപാതകി’യാണെന്ന് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാതിസ് സെന്‍ഗിസ്.

ഖഷോഗ്ജിയുടെ വധത്തിന് ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യ തുര്‍ക്കി സന്ദര്‍ശനത്തെ വിമര്‍ശിച്ചുകൊണ്ടാണ് തുര്‍ക്കി പൗരയും റിസര്‍ച്ച് സ്‌കോളറും ആക്ടിവിസ്റ്റുമായ സെന്‍ഗിസിന്റെ പരാമര്‍ശം.

”മുഹമ്മദ് ബിന്‍ സല്‍മാന്‍ ഞങ്ങളുടെ രാജ്യം സന്ദര്‍ശിച്ചു, എന്നുകരുതി അയാള്‍ ഒരു കൊലപാതകത്തിന് ഉത്തരവാദിയാണ് എന്ന വസ്തുത ഇല്ലാതാകുന്നില്ല.

ഓരോ ദിവസവും മറ്റൊരു രാജ്യം സന്ദര്‍ശിക്കുന്നതിലൂടെ നേടിയെടുക്കുന്ന പൊളിറ്റിക്കല്‍ ലെജിറ്റിമസി, അയാള്‍ ഒരു കൊലപാതകിയാണെന്ന വസ്തുതയില്‍ മാറ്റം വരുത്തുന്നില്ല,” ഹാതിസ് സെന്‍ഗിസ് ബുധനാഴ്ച പങ്കുവെച്ച ട്വീറ്റില്‍ പറഞ്ഞു.

ജൂണ്‍ 22നായിരുന്നു എം.ബി.എസിന്റെ തുര്‍ക്കി സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വെച്ച് പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ എം.ബി.എസിനെ സ്വീകരിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ എര്‍ദോഗന്‍ സൗദി സന്ദര്‍ശിക്കുകയും സല്‍മാന്‍ രാജാവുമായും മകന്‍ എം.ബി.എസുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ജമാല്‍ അഹ്മദ് ഖഷോഗ്ജി 2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെട്ടതിന് ശേഷമുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ആദ്യ സൗദി സന്ദര്‍ശനമായിരുന്നു ഇത്. അതിന് തൊട്ടുപിന്നാലെയാണ് എം.ബി.എസ് തുര്‍ക്കിയും സന്ദര്‍ശിച്ചത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വെച്ച് നടക്കാനിരിക്കുന്ന എം.ബി.എസ്- എര്‍ദോഗന്‍ കൂടിക്കാഴ്ചയില്‍ വെച്ച് ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളും ഒപ്പുവെക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സൗദി ഭരണകൂടത്തിന്റെയും എം.ബി.എസിന്റെയും കടുത്ത വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗ്ജിയുടെ വധം വലിയ വിവാദമാകുകയും സൗദിയും തുര്‍ക്കിയും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്ത സംഭവമായിരുന്നു.

സൗദി സര്‍ക്കാരിലെ ഉന്നത വിഭാഗമാണ് ഖഷോഗ്ജിയെ വധിക്കാന്‍ ഉത്തരവിട്ടതെന്ന് എര്‍ദോഗന്‍ ആരോപിച്ചിരുന്നെങ്കിലും പിന്നീട് വിമര്‍ശനങ്ങള്‍ നേര്‍പ്പിക്കുകയായിരുന്നു.

ഖഷോഗ്ജിയെ കൊല്ലാനുള്ള ഓപ്പറേഷന് എം.ബി.എസാണ് അനുമതി നല്‍കിയതെന്ന് കഴിഞ്ഞ വര്‍ഷം പുറത്തുവന്ന യു.എസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. എന്നാല്‍ സൗദി സര്‍ക്കാര്‍ ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

ഖഷോഗ്ജിയും സെന്‍ഗിസും തമ്മിലുള്ള വിവാഹത്തിന്റെ രേഖകള്‍ വാങ്ങുന്നതിനായായിരുന്നു അദ്ദേഹം സൗദി കോണ്‍സുലേറ്റിലെത്തിയത്.

Content Highlight: Jamal Khashoggi’s fiancée says Saudi crown prince MBS is still a murderer