| Friday, 26th March 2021, 11:50 am

ഖഷോഗ്ജിയുടെ കൊലപാതകിക്ക് സൗദിയില്‍ സുഖ ജീവിതം; ചിത്രങ്ങള്‍ പുറത്തുവന്നതോടെ അണപൊട്ടി രോഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ജമാല്‍ ഖഷോഗ്ജി വധത്തില്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയ സൗദി അറേബ്യയുടെ മിലിറ്ററി ഡെപ്യൂട്ടി തലവന്‍ സ്വതന്ത്രമായി നടക്കുന്നതിന്റെ ചിത്രങ്ങള്‍ വ്യാപകമായി ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. അഹമ്മദ് അല്‍-അസിരിയുടെ ചിത്രം വലിയ രോഷത്തിനാണ് വഴിവെച്ചിരിക്കുന്നത്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായി കൂടിയായ അസിരി ഒരു വിമാനത്തില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ തടവിലാക്കിയ സൗദിയിലെ മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ സാദ് അല്‍ജബ്രിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ടുവന്നു. കൊലപാതകി സ്വതന്ത്രമായി നടക്കുകയാണ് എന്നാണ് ഖാലിദ് അല്‍ജബ്രി പറഞ്ഞത്.

ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രസിഡന്റ് ജോ ബൈഡനാണ് പുറത്തുവിട്ടത്. ഖഷോഗ്ജിയെ കൊല്ലുക അല്ലെങ്കില്‍ പിടിച്ചുകൊണ്ടുവരിക എന്നായിരുന്നു സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 2018ല്‍ നടന്ന ഈ കൊലപാതകം സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തനിക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നവരെ അക്രമാസക്തമായ വഴികളിലൂടെ നിശബ്ദരാക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ രീതികളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനോ സൗദിക്കോ എതിരെ അമേരിക്ക വിലക്കുകളോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഖഷോഗ്ജി ആക്ട് എന്ന പുതിയ നിയമം അമേരിക്ക അവതരിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകരെയോ എതിരഭിപ്രായം പുലര്‍ത്തുന്നവരെയോ അവരുടെ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഈ ആക്ട്. ഇതിന്റെ ഭാഗമായി 76 സൗദി പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തി.

ഇസ്താംബുളില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുവദിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content  Highlight: ‘A killer walks free’: Anger erupts over new images of sanctioned Saudi official

We use cookies to give you the best possible experience. Learn more