ഖഷോഗ്ജി വധക്കേസില്‍ പ്രതികളെ തുര്‍ക്കിയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് സൗദി അറേബ്യ
Jamal Khashoggi Murder
ഖഷോഗ്ജി വധക്കേസില്‍ പ്രതികളെ തുര്‍ക്കിയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് സൗദി അറേബ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th December 2018, 10:23 am

ജിദ്ദ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധക്കേസിലെ പ്രതികളെ വിട്ടു തരണമെന്ന തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്റെ ആവശ്യം തള്ളി സൗദി അറേബ്യ. തങ്ങളുടെ പൗരന്മാരെ മറ്റു രാജ്യങ്ങള്‍ക്ക് കൈമാറില്ലെന്ന് സൗദി വിദേശക കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.

കേസില്‍ തുര്‍ക്കി തങ്ങള്‍ക്ക് തെളിവ് കൈമാറുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളിലൂടെ എല്ലാം പുറത്തു വന്നിരുന്നുവെന്നും ആദില്‍ ജുബൈര്‍ കുറ്റപ്പെടുത്തി.

പ്രതികളെ വിട്ടു നല്‍കണമെന്ന് എര്‍ദോഗാന്‍ സൗദിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

സൗദി മുന്‍ ഇന്റലിജന്‍സ് ചീഫ് അഹ്മദ് അല്‍ അസീരി, രാജകോടതി മുന്‍ ഉപദേശകന്‍ സൗദ് അല്‍ ഖഹ്താനി എന്നിവര്‍ക്കെതിരെ തുര്‍ക്കി കോടതി ബുധനാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇസ്താംബൂള്‍ ചീഫ് പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരമായിരുന്നു നടപടി.

ഖഷോഗ്ജി വധത്തിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരെയും സൗദി പുറത്താക്കിരുന്നു.

തുര്‍ക്കിയുടെ അന്വേഷണപ്രകാരം 15 അംഗ സൗദി സംഘമാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ ഇതുവരെ 21 പേരെയാണ് സൗദി ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.