| Thursday, 29th April 2021, 7:07 pm

ഖഷോഗ്ജി വധത്തില്‍ നീതി ജയിക്കും; സല്‍മാന്‍ രാജകുമാരന്റെ അടുപ്പക്കാര്‍ക്കെതിരെയുള്ള വിചാരണയുമായി മുന്നോട്ടുപോകുമെന്ന് തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ സൗദി പൗരന്മാര്‍ക്കെതിരെയുള്ള വിചാരണ തുടരുമെന്ന് തുര്‍ക്കി സര്‍ക്കാര്‍. തുര്‍ക്കി ഉന്നത തല ഉദ്യോഗസ്ഥരാണ് അന്താരാഷ്ട്ര മാധ്യമങ്ങളോട് ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.

ഖഷോഗ്ജി വധത്തിലെ തുര്‍ക്കിയുടെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നീതി വിജയിക്കുമെന്നും ഖഷോഗ്ജി വധക്കേസിലെ നിയമനടപടികളില്‍ ഒരു തടസവുമുണ്ടാകില്ലെന്നും ഇവര്‍ വ്യക്തമാക്കി.

സൗദിയില്‍ തുര്‍ക്കി സര്‍ക്കാര്‍ നടത്തിയിരുന്ന എട്ട് സ്‌കൂളുകള്‍ സൗദി ഭരണാധികാരികള്‍ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഖഷോഗ്ജി വിഷയത്തില്‍ ശക്തമായ നിലപാടുമായി തുര്‍ക്കി എത്തിയിരിക്കുന്നത്.

2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയ ജമാല്‍ ഖഷോഗ്ജിയെ സൗദി ഏജന്റുമാര്‍ കൊലപ്പെടുത്തുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് രേഖകള്‍ തയ്യാറാക്കാനായി എത്തിയ ഖഷോഗ്ജിയെ പിന്നീടാരും കണ്ടിട്ടില്ല. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനായിരുന്ന ഖഷോഗ്ജിയെ സൗദി ഉദ്യോഗസ്ഥരടങ്ങിയ സംഘം വധിച്ചുവെന്നാണ് വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍.

2020 ജൂലൈയിലാണ് തുര്‍ക്കി കോടതിയില്‍ ഖഷോഗ്ജിയുടെ വധത്തിലെ വിചാരണ തുടങ്ങിയത്. ഇസ്താംബൂള്‍ കോടതിയില്‍ ഖഷോഗ്ജി വധക്കേസിലെ 20 പേരെയാണ് വിചാരണ ചെയ്തിരുന്നത്. കുറ്റാരോപിതരുടെ അസാന്നിധ്യത്തിലാണെങ്കിലും വിചാരണയുമായി മുന്നോട്ടുപോകാനാണ് സൗദിയുടെ തീരുമാനം.

ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ മാര്‍ച്ചില്‍ 20 സൗദി പൗരന്‍മാര്‍ക്ക് നേരെ തുര്‍ക്കി പ്രോസിക്യൂട്ടര്‍ കുറ്റം ചുമത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹായികളായിരുന്ന രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നു.

സൗദി അറേബ്യയുടെ മുന്‍ ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹമ്മദ് അല്‍ അസീരി, ഖഷോഗ്ജിയുടെ കൊലപാതകത്തിനായി ഒരു സംഘമുണ്ടാക്കുകയും കൊലയ്ക്ക് പദ്ധതിയിടുകയുമായിരുന്നെന്നാണ് കുറ്റപത്രത്തിലുള്ളത്. കൊലപാതകത്തില്‍ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സൗദി ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികളില്‍ ഭൂരിഭാഗവും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ അഞ്ച് പേരെ സൗദി കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുത്ത ബന്ധമുള്ളവരെ ഇതില്‍ നിന്നും പുറത്താക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഖഷോഗ്ജിയുടെ കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് സി.ഐ.എ റിപ്പോര്‍ട്ട് വന്നിരുന്നു. സൗദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടെഴുതിയതാണ് ഖഷോഗ്ജിയുടെ വധത്തിന് കാരണമെന്ന് സി.ഐ.എ വ്യക്തമാക്കിയിരുന്നു. സൗദി സര്‍ക്കാരിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നാണ് ജമാല്‍ ഖഷോഗ്ജിയെ കൊലചെയ്യാനുള്ള ഉത്തരവിട്ടതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയിബ് എര്‍ദോഗനും ആരോപിച്ചിരുന്നു.

ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തുവിട്ടിരുന്നു. സല്‍മാന്‍ രാജകുമാരനുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാല്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ റിപ്പോര്‍ട്ട് പുറത്തുവിടാതെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

ഖഷോഗ്ജിയെ കൊല്ലുക അല്ലെങ്കില്‍ പിടിച്ചുകൊണ്ടുവരിക എന്നായിരുന്നു സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 2018ല്‍ നടന്ന ഈ കൊലപാതകം സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തനിക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നവരെ അക്രമാസക്തമായ വഴികളിലൂടെ നിശബ്ദരാക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ രീതികളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Will continue with Jamal Khashoggi murder trail , says Turkey

We use cookies to give you the best possible experience. Learn more