ലണ്ടന്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിയ്ക്ക് യു.കെ വിദേശകാര്യ സെക്രട്ടറിയുടെ മുന്നറിയിപ്പ്. ഖഷോഗ്ജിയുടെ തിരോധാനത്തിന് ഉടന്‍ മറുപടി നല്‍കണമെന്നാണ് വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടത്.
സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈറിന് ഫോണ്‍ വഴിയാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് മുന്നറിയിപ്പു നല്‍കിയത്.
ഖഷോഗ്ജിയുടെ തിരോധാനത്തില്‍ ഉത്തരം ആവശ്യപ്പെട്ട് സൗദി അംബാസിഡറേയും ജറമി ഹണ്ട് കണ്ടിരുന്നു. “ലോകത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരികയാണ്. അത് അഭിപ്രായ സ്വാതന്ത്ര്യത്തിനു വലിയ ഭീഷണിയാണ്. ഈ സംഭവങ്ങള്‍ ഞങ്ങള്‍ ഗൗരവമായി പരിഗണിക്കും. മൂല്യങ്ങള്‍ കൈമാറുന്നതിന്റെ അടിസ്ഥാനത്തിലാണ് സൗഹൃദം നിലനില്‍ക്കുന്നത്.” എന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ഖഷോഗ്ജിയെ കാണാതായത്. അവിടെവെച്ച് അദ്ദേഹം കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് തുര്‍ക്കി പറയുന്നത്. എന്നാല്‍ ആരോപണം സൗദി അറേബ്യ നിഷേധിച്ചിരുന്നു.
Also Read: റാഫേല്‍ കരാറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍; മോദി സര്‍ക്കാരിന് നിര്‍ണായകം
ഖഷോഗ്ജി കൊല്ലപ്പെട്ടെന്ന തരത്തിലുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിഷയം വളരെ ഗൗരവത്തോടെ യു.കെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഖഷോഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദി കോണ്‍സുലേറ്റില്‍ പരിശോധന നടത്തുമെന്ന് തുര്‍ക്കി അറിയിച്ചിട്ടുണ്ട്.
അല്‍ അറബ്, വതന്‍ എന്നീ സൗദി പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു ഖഷോഗ്ജി. തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ലണ്ടനിലെയും വാഷിങ്ടണിലെയും അംബാസിഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായും ഖഷോഗ്ജി പ്രവര്‍ത്തിച്ചിട്ടുണ്ട്.
2017 സെപ്റ്റംബറിലാണ് അദ്ദേഹം സൗദി അറേബ്യ വിട്ടത്. അതുവരെ സൗദി രാജ കോടതിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ സൗദി പേടിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ അദ്ദേഹം സൗദി രാജകുടുംബവുമായി അകലുകയായിരുന്നു.
ഈ പ്രസ്താവനയ്ക്കു പിന്നാലെ അദ്ദേഹം എഴുതുന്നതും ട്വീറ്റ് ചെയ്യുന്നതും വിലക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം സൗദി വിട്ടത്. അതിനുശേഷം അദ്ദേഹം ന്യൂയോര്‍ക്കിലായിരുന്നു. ഈ സമയത്താണ് വാഷിങ്ടണ്‍ പോസ്റ്റിനുവേണ്ടി എഴുതിയത്.
ഖത്തര്‍, കാനഡ രാജ്യങ്ങളോടുള്ള സൗദിയുടെ നയത്തേയും യെമന്‍ യുദ്ധത്തിലെ ഇടപെടലുകളെയും മാധ്യമങ്ങള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും എതിരായ സൗദി ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടിയേയും അദ്ദേഹം തന്റെ കോളത്തിലൂടെ വിമര്‍ശിച്ചിരുന്നു.