| Tuesday, 17th September 2024, 2:15 pm

ജമ്മു കശ്മീരില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ തരിഗാമിക്കെതിരെ മത്സരിക്കാനൊരുങ്ങി നിരോധിത സംഘടനയായ ജമാഅത്ത് ഇസ്‌ലാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ഏക ഇടത് മണ്ഡലമായ കുല്‍ഗാമില്‍ മുതിര്‍ന്ന സ്ഥാനാര്‍ത്ഥിയായ യൂസുഫ് തരിഗാമിക്കെതിരെ മത്സരിക്കാനൊരുങ്ങി നിരോധിത സംഘടനയായ ജമാഅത്ത് ഇസ്‌ലാമിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന തരിഗാമിക്കെതിരെ ജമാഅത്ത് ഇസ്‌ലാമിയുടെ പിന്തുണയുള്ള സയാര്‍ അഹമ്മദ് റെഷിയാണ് മുഖ്യ എതിരാളി. മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിക്ക് വേണ്ടി അമീന്‍ ദറും മത്സര രംഗത്തുണ്ട്.

നാളെ (ബുധന്‍) നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലാണ് കുല്‍ഗാം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. നാല് തവണ മണ്ഡലത്തിലെ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട തരിഗാമിക്ക് സയാര്‍ റെഷി വലിയ രീതിയിലുള്ള വെല്ലുവിളി ഉയര്‍ത്തും എന്നാണ് സൂചന.

വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടു തവണ കുല്‍ഗാം മണ്ഡലത്തില്‍നിന്ന് ജമാഅത്ത് ഇസ്‌ലാമി വിജയിച്ചിരുന്നു. എന്നാല്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാനായി സയാര്‍ റെഷിയെ ബി.ജെ.പിയാണ് മത്സരരംഗത്തേക്ക് ഇറക്കിയതെന്ന ആരോപണം നിലനില്‍ക്കുന്നതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1990ന് ശേഷം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ജമാഅ ത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകള്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. 2019ല്‍ പുല്‍വാമായില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് യു.എ.പി.എ പ്രകാരം നിരോധിച്ച ജമ്മു കശ്മിര്‍ ജമാഅത്തെ ഇസ്ലാമിയുടെ നിരവധി നേതാക്കള്‍ നിലവില്‍ ജയിലിലാണ്.

വര്‍ഷങ്ങളായുള്ള കുല്‍ഗാമിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഇടത് കോട്ടയായി കണക്കാക്കുന്ന മണ്ഡലമാണ് തെക്കന്‍ കശ്മീരിലെ കുല്‍ഗാം. 1996 മുതല്‍ തരിഗാമിയാണ് മണ്ഡലത്തെ നയിക്കുന്നത്. 1977-ലും 1983-ലും നാഷണല്‍ കോണ്‍ഫറന്‍സും 1987ല്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും കുല്‍ഗാമില്‍ നിന്ന് വിജയിച്ചിരുന്നു.

എന്നാല്‍ അവസാനമായി തെരഞ്ഞെടുപ്പ് നടന്ന 2014ലും തരിഗാമി തന്റെ സീറ്റ് നിലനിര്‍ത്തി.പി.ഡി.പിയില്‍ നിന്നുള്ള നസീര്‍ അഹമ്മദ് ലാവെ ആണ് അന്ന് രണ്ടാം സ്ഥാനത്തെത്തിയത്. എന്നാല്‍ ഇത്തവണ മറ്റൊരു പാര്‍ട്ടിക്ക് കീഴില്‍ മത്സരിക്കാനുള്ള ലാവെയുടെ തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ഇടയുണ്ട്.

ജമാഅത്തെ ഇസ്ലാമിയയുടെ പിന്തുണയുള്ള റെഷിയുടെ തെരഞ്ഞെടുപ്പ് രംഗപ്രവേശനത്തോടെ മണ്ഡലത്തില്‍ ശക്തമായ മത്സരം നടക്കുമെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോട്ട് ചെയ്തിട്ടുണ്ട്.

കുല്‍ഗാം മേഖലയില്‍ വ്യക്തമായ ജനപിന്തുണയുള്ള ജമാഅത്ത് ഇസ്‌ലാമി 1987ല്‍ മുസ്‌ലിം യുണൈറ്റഡ് ഫ്രണ്ട് വഴിയാണ് അവസാനമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1972ലും ജമാഅത്ത് ആയിരുന്നു വിജയിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 37 വര്‍ഷത്തിനിടയിലെ ജമാഅത്ത് നടത്തുന്ന ആദ്യത്തെ പരസ്യപ്രചാരണം കുല്‍ഗാമില്‍ നടന്നിരുന്നു.

Content Highlight: Jamaat-e-Islami is participating against  Yusuf Tarigami on J&K election

Latest Stories

We use cookies to give you the best possible experience. Learn more